അഹമ്മദാബാദിൽ 34 വർഷങ്ങൾക്ക് മുമ്പ് നടന്നതായി കരുതുന്ന കൊലപാതകം ഇപ്പോൾ വെളിച്ചത്തായി. ഭാര്യയെ കൊന്ന് വീട്ടിനകത്തെ കിണറ്റിൽ മറവുചെയ്ത കേസിൽ ഭർത്താവിനെയും ഭർത്തൃസഹോദരനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് കേസിൽ അന്വേഷണം നടത്തി നിർണായക തെളിവുകൾ കണ്ടെത്തിയത്.
വാട്‌വ പ്രദേശത്തെ പൂട്ടിക്കിടന്ന വീട്ടിൽ നിന്നാണ് സ്ത്രീയുടേതെന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തിയത്. 1992-ൽ വിവാഹേതര ബന്ധം ആരോപിച്ച് ഭർത്താവും സഹോദരനും ചേർന്നാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. കൊല്ലപ്പെട്ടത് ഫർസാന (ഷബ്നം) ആണെന്ന് സംശയിക്കുന്നുണ്ടെങ്കിലും, ഡിഎൻഎ പരിശോധനാഫലങ്ങൾ ലഭിച്ചശേഷമേ സ്ഥിരീകരണം ഉണ്ടാകൂ.
കുടുംബാംഗങ്ങൾ നിരന്തരം സ്വപ്നങ്ങളിൽ സ്ത്രീയെ കാണുന്നതിനെ തുടർന്ന് വീട്ടിൽ പൂജകൾ നടത്തിവന്നത് പൊലീസിന് സംശയങ്ങൾക്ക് ഇടയാക്കി. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 34 വർഷമായി ഒളിഞ്ഞുകിടന്ന കൊലപാതക രഹസ്യം പുറത്തായത്.
വിവാഹശേഷം അഹമ്മദാബാദിൽ എത്തിയ ഫർസാനയ്ക്ക് ഭർത്താവുമായി സ്ഥിരമായി തർക്കങ്ങൾ ഉണ്ടായിരുന്നു. വിവാഹബന്ധം വേർപെടുത്താൻ വിസമ്മതിച്ചതിനെ തുടർന്ന് സഹോദരന്റെയും മറ്റ് ബന്ധുക്കളുടെയും സഹായത്തോടെ ഭർത്താവ് കൊലപാതകം നടത്തിയതായാണ് സൂചന. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഫർസാനയെ കൊന്ന് മൃതദേഹം കിണറ്റിൽ ഉപേക്ഷിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം വീട് മറ്റൊരാൾക്ക് വിറ്റുവെങ്കിലും കഴിഞ്ഞ ഏഴ് വർഷമായി അത് അടഞ്ഞുകിടക്കുകയായിരുന്നു. കിണറ്റിൽ നിന്ന് കണ്ടെത്തിയ അസ്ഥികൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഡിഎൻഎ താരതമ്യത്തിനായി ബന്ധുക്കളിൽ നിന്ന് സാമ്പിളുകളും ശേഖരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
English Summary
A 34-year-old murder case has been uncovered in Ahmedabad, where a woman was allegedly killed by her husband and brother-in-law in 1992 and her body dumped into a well inside their house. The crime came to light after suspicious rituals were conducted in the long-locked house. Police recovered skeletal remains believed to be of the victim, identified as Farzana (Shabnam), pending DNA confirmation. The accused have been taken into custody, and further investigation is underway.

