തിരുവനന്തപുരം: എസ്ഡിപിഐ പ്രവര്‍ത്തകരെ നന്നാക്കാനാണ് അവരോട് വോട്ട് ചോദിക്കുന്നതെന്ന് വ്യക്തമാക്കി സിപിഎം നേതാവ് എ കെ ബാലന്‍. എസ്ഡിപിഐ നേതാക്കളോടോ സംഘടനയോടോ നേരിട്ട് വോട്ട് ചോദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം സംഘടനകളിലുള്ളവരെ രാഷ്ട്രവിരുദ്ധരായി മുദ്രകുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അഭിമന്യു വിഷയത്തെ ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടുന്നത് സിപിഎമ്മും എസ്ഡിപിഐയും തമ്മില്‍ മുന്നണി ഉണ്ടാക്കിയെന്ന തരത്തില്‍ പ്രചരിപ്പിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
എസ്ഡിപിഐയുമായി ഒരു മുന്നണിയോ ധാരണയോ ഇല്ലെന്നും, അത്തരമൊരു കൂട്ടുകെട്ട് ഉണ്ടായിരുന്നുവെങ്കില്‍ അത് തുറന്നുപറയുമായിരുന്നുവെന്നും എ കെ ബാലന്‍ പറഞ്ഞു. നിലവില്‍ അത്തരം ഒരു സാഹചര്യം ഇല്ലാത്തതിനാല്‍ അവരെ പ്രതിരോധിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്ഡിപിഐയുമായി യാതൊരു തരത്തിലുള്ള എഗ്രിമെന്റോ ചര്‍ച്ചയോ നടത്തിയിട്ടില്ലെന്നും സിപിഎം തുടക്കത്തില്‍ എടുത്ത നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്തരം സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന സാധാരണക്കാരെ മുഴുവന്‍ രാജ്യശത്രുക്കളായി കാണുന്നത് തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരത്തിലുള്ള ആളുകളെ മതനിരപേക്ഷമായ ചിന്തയിലേക്ക് നയിക്കാനുള്ള വേദിയാണ് തെരഞ്ഞെടുപ്പെന്നും, അതിന്റെ ഭാഗമായാണ് അവരോടും വോട്ട് അഭ്യര്‍ത്ഥിക്കുന്നതെന്നും എ കെ ബാലന്‍ പറഞ്ഞു.

