നിതിൻ രാജ് മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്; ലോൺ ആപ്പ് കേസും ഉൾപ്പെടുത്തി സമഗ്ര അന്വേഷണം

0

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ പ്രകാരം ഡിജിപിയാണ് ഉത്തരവിറക്കിയത്. കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസുമായി ബന്ധപ്പെട്ട വിഷയങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും എന്നാണ് ലഭിക്കുന്ന വിവരം.

ഏപ്രിൽ പത്തിനാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാരോപിച്ച് നിതിൻ മുമ്പ് പറഞ്ഞിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. കേസിൽ ഡെന്റൽ കോളേജിലെ അധ്യാപകരായ ഡോ. എം കെ റാമും ഡോ. സംഗീത നമ്പ്യാരുമാണ് പ്രതികൾ. ഇവരെ കോളേജ് സസ്പെൻഡ് ചെയ്തതോടൊപ്പം, റാമിനെ മാനേജ്മെന്റ് പുറത്താക്കുകയും ചെയ്തു.

അതേസമയം, നിതിൻ രാജിനെയും അധ്യാപികയെയും ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് സംഘത്തിനെതിരെ സൈബർ പൊലീസ് നടപടി ശക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഖാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി, ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് ഖേവൽ (28), ഫരിദാബാദ് സ്വദേശി പ്രകാശ് ജയ് എന്നിവരെ അറസ്റ്റ് ചെയ്തു. നോയ്ഡയിലെ ‘ഇൻസ്റ്റന്റ് ഫണ്ട്’ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ സിം ബോക്സുകളും സിം കാർഡുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here