കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വൻ വർദ്ധനവ്. പവന് ഒറ്റയടിക്ക് 600 രൂപ വർദ്ധിച്ച് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,12,200 രൂപയിലെത്തി.
ഗ്രാമിന് 75 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 14,025 രൂപയായി. കഴിഞ്ഞ ദിവസം രാവിലെ വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും വൈകുന്നേരത്തോടെ വില തിരിച്ചു കയറുന്ന കാഴ്ചയാണ് വിപണിയിൽ കണ്ടത്.
പശ്ചിമേഷ്യൻ സംഘർഷങ്ങളും ആഗോള വിപണിയിലെ മാറ്റങ്ങളുമാണ് സ്വർണ്ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. ഇറാൻ – ഇസ്രായേൽ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ സ്വർണ്ണവിലയിൽ വലിയ മാറ്റങ്ങളാണ് പ്രകടമാകുന്നത്.
യുദ്ധഭീതി നിലനിൽക്കുന്നതും രാജ്യാന്തര വിപണിയിൽ എണ്ണവിലയിലുണ്ടാകുന്ന വ്യതിയാനങ്ങളും സ്വർണ്ണത്തെ സുരക്ഷിത നിക്ഷേപമായി കാണാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു.
കഴിഞ്ഞ ഡിസംബർ 23-നാണ് സ്വർണ്ണവില ആദ്യമായി ഒരു ലക്ഷം രൂപ എന്ന നാഴികക്കല്ല് പിന്നിട്ടത്. തുടർന്ന് ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ്ണവിലയിലെ ഇതുവരെയുള്ള റെക്കോർഡ്.
വിവാഹ സീസൺ അടുത്തുവരുന്ന സാഹചര്യത്തിൽ സ്വർണ്ണവിലയിലുണ്ടാകുന്ന ഈ തുടർച്ചയായ വർദ്ധനവ് സാധാരണക്കാരെയും വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

