ആലത്തൂർ: വീടിന്റെ പുറത്ത് ഷൂവിനുള്ളിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ച് വീട്ടിൽ കയറി സ്വർണവും പണവും കവർന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. തരൂർ പഴമ്പാലക്കോട് പാനത്ത് വീട്ടിൽ പി.കെ. ജോയിയുടെ വീട്ടിലാണ് ചൊവ്വാഴ്ച ഉച്ചയോടെ മോഷണം നടന്നത്.
വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഏകദേശം 10 പവൻ സ്വർണവും 90,000 രൂപയും നഷ്ടപ്പെട്ടതായി പരാതി. ജോയിയുടെ ഭാര്യ ജിജി ചേലക്കരയിലെ പള്ളിയിൽ പോയ സമയത്ത്, വീട്ടുടമ ജോയി വീട് പൂട്ടി താക്കോൽ സിറ്റൗട്ടിലെ ഷൂവിനുള്ളിൽ വെച്ച് പുറത്ത് പോയിരുന്നു.
തിരികെ എത്തിയപ്പോൾ മുൻവാതിൽ അല്പം തുറന്ന നിലയിൽ കണ്ടെങ്കിലും താക്കോൽ പഴയ സ്ഥാനത്തുതന്നെ ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പണവും സ്വർണവും നഷ്ടപ്പെട്ടതായി മനസ്സിലായത്. മോഷണം നടത്തിയ ശേഷം താക്കോൽ വീണ്ടും ഷൂവിനുള്ളിൽ വച്ചതാണെന്നാണ് പോലീസ് സംശയം.
വീട്ടുകാരുടെ പതിവ് മനസ്സിലാക്കിയ ആളാകാം മോഷണത്തിന് പിന്നിലെന്ന് കരുതുന്നു. ജോയിയുടെ പരാതിയിൽ കേസെടുത്ത പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. കൂടുതൽ അന്വേഷണത്തിനായി ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തും.
In Alathur, a theft was reported where the culprit used a house key hidden inside a shoe outside the house. Gold ornaments weighing around 10 sovereigns and ₹90,000 in cash were stolen from a locked cupboard.
The homeowner had left the key in a shoe while going out, and the thief allegedly used it to enter the house and later placed it back. Police suspect that the accused was aware of the family’s routine. An investigation has been launched, and forensic teams including a dog squad will examine the scene.

