ഇറാൻ യുദ്ധം അവസാനിപ്പിക്കുമോ? നെതന്യാഹുവുമായി കൂടിയാലോചിച്ചേ തീരുമാനമുണ്ടാകൂവെന്ന് ട്രംപ്

0

വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷം കടുത്തതാകുന്നതിനിടെ ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിയാലോചിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ ആക്രമണങ്ങളിൽ നിന്ന് ഇസ്രായേലിനെ സംരക്ഷിച്ചത് താനും നെതന്യാഹുവും ചേർന്നാണെന്നും ട്രംപ് വ്യക്തമാക്കി.


ടൈംസ് ഓഫ് ഇസ്രയേലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥയിൽ ഇസ്രായേലിന്റെ നിലപാട് നിർണായകമാണെന്നും ഇറാന്റെ ആക്രമണങ്ങൾക്കെതിരെ അമേരിക്ക ഇസ്രായേലിനൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഇതിനിടെ അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ വ്യോമാക്രമണം തുടരുകയാണ്. ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവായിരുന്ന അയത്തൊല്ല അലി ഖമനയി ഉൾപ്പെടെ നിരവധി പ്രമുഖർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
അതിന് പിന്നാലെ ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെയും എണ്ണ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. അമേരിക്ക ആക്രമണം അവസാനിപ്പിച്ചാലും ഇസ്രായേൽ ഒറ്റയ്ക്ക് യുദ്ധം തുടരുമോ എന്ന ചോദ്യത്തിന് ട്രംപ് വ്യക്തമായ മറുപടി നൽകാൻ തയ്യാറായില്ല.
അതേസമയം, ഖമനയിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമനയിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി മതപണ്ഡിതർ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പുതിയ നേതൃത്വത്തിന് അമേരിക്കയുടെ അംഗീകാരം ആവശ്യമായിരിക്കാമെന്നും ഇല്ലെങ്കിൽ അധികകാലം അധികാരത്തിൽ തുടരാൻ കഴിയില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാൻ വീണ്ടും ആണവ ശക്തിയായി ഉയരുകയോ പശ്ചിമേഷ്യയിൽ ആധിപത്യം സ്ഥാപിക്കുകയോ ചെയ്യാൻ അനുവദിക്കില്ലെന്നും മേഖലയിലെ ദീർഘകാല സമാധാനത്തിനായി അമേരിക്ക പ്രവർത്തിക്കുന്നതായും ട്രംപ് കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here