നാട്ടികയിൽ സിപിഐ പ്രതിസന്ധി രൂക്ഷം; സിസി മുകുന്ദനെ സമീപിച്ച് കോൺഗ്രസും ബിജെപിയും
തൃശൂർ: നാട്ടികയിൽ സിപിഐയ്ക്കുള്ളിൽ രൂപപ്പെട്ട അപ്രതീക്ഷിത രാഷ്ട്രീയ പ്രതിസന്ധിക്കിടെ പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന സിസി മുകുന്ദൻ എംഎൽഎയെ സമീപിച്ച് മറ്റ് രാഷ്ട്രീയ മുന്നണികൾ. കോൺഗ്രസും ബിജെപിയും മുകുന്ദനുമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ട്.
കോൺഗ്രസ് നേതാക്കളായ കെസി വേണുഗോപാലും രമേശ് ചെന്നിത്തലയും മുകുന്ദനുമായി ഫോണിൽ സംസാരിച്ചതായി അറിയുന്നു. അതേസമയം, മുകുന്ദനെ തങ്ങളുടെ പക്ഷത്തേക്ക് എത്തിക്കാൻ ബിജെപി നേതൃത്വവും ചർച്ചകൾ നടത്തിയതായാണ് വിവരം.
നാട്ടികയിൽ മുൻ എംഎൽഎ ഗീത ഗോപിയെ സ്ഥാനാർത്ഥിയാക്കാനുള്ള സിപിഐയുടെ തീരുമാനത്തിനെതിരെ സിസി മുകുന്ദൻ ശക്തമായി രംഗത്തെത്തിയിരുന്നു. പാർട്ടിക്ക് പണം പിരിച്ചുനൽകാൻ കഴിവുള്ളതിനാലാണ് ഗീത ഗോപിക്ക് സീറ്റ് നൽകിയതെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു. പാർട്ടി സീറ്റ് നൽകിയില്ലെങ്കിലും നാട്ടികയിൽ താൻ മത്സരിക്കുമെന്ന പ്രഖ്യാപനവും മുകുന്ദൻ നടത്തിയിട്ടുണ്ട്.
പാർട്ടിയുമായി നിലനിൽക്കുന്ന അഭിപ്രായഭിന്നത പരിഹരിച്ച് മുകുന്ദനെ വീണ്ടും ചേർത്തുനിർത്താൻ സിപിഐ നേതൃത്വം ശ്രമം തുടരുകയാണ്. സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് പാർട്ടിയിലെ വിഭാഗീയതയുടെ ഫലമാണെന്നാണ് മുകുന്ദന്റെ ആരോപണം.
അതേസമയം, ആരോപണങ്ങൾക്ക് മറുപടിയുമായി ഗീത ഗോപിയും രംഗത്തെത്തി. പാർട്ടി നൽകിയ ചുമതല നിറവേറ്റുകയാണ് തന്റേതായ ലക്ഷ്യമെന്നും ആരോപണങ്ങൾക്ക് പാർട്ടി മറുപടി നൽകുമെന്നും അവർ പറഞ്ഞു. നാട്ടികയിലെ ജനങ്ങൾ വീണ്ടും തന്നെ പിന്തുണയ്ക്കുമെന്ന വിശ്വാസവും ഗീത ഗോപിക്ക് ഉണ്ട്.
A political crisis has erupted in the CPI in the Nattika constituency of Thrissur after MLA C.C. Mukundan openly criticized the party’s decision to field former MLA Geetha Gopi as the candidate. Mukundan alleged that the seat was given due to financial influence and declared he would contest even if the party denied him a ticket. Meanwhile, Congress leaders K.C. Venugopal and Ramesh Chennithala reportedly spoke with Mukundan over the phone, and BJP leaders have also held discussions with him. CPI leadership is trying to resolve the dispute and retain Mukundan within the party.

