കോഴിക്കോട്: ഇന്ത്യാവിഷനുമായി ബന്ധപ്പെട്ട ചെക്ക് കേസിൽ മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീറിന് തിരിച്ചടി. കേസിൽ നൽകിയ അപ്പീൽ കോഴിക്കോട് ജില്ലാ അഡീഷണൽ കോടതി തള്ളി.
പരാതിക്കാരനായ മുനീർ അഹമ്മദ്‍ക്ക് 2.60 കോടി രൂപ നൽകാൻ കോടതി ഉത്തരവിട്ടു. പണം അടച്ചില്ലെങ്കിൽ ആറ് മാസം തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യാവിഷൻ, എം.കെ. മുനീർ, ജമാലുദീൻ ഫാറൂഖ്, മുനീറിന്റെ ഭാര്യ നഫീസ എന്നിവർക്കെതിരെയാണ് വിധി പുറപ്പെടുവിച്ചത്. അഭിഭാഷകനായ മുനീർ അഹമ്മദാണ് പരാതിക്കാരൻ.
2012ലാണ് കേസിന് ആസ്പദമായ സംഭവം. ഇന്ത്യാവിഷന് വേണ്ടി 1.37 കോടി രൂപ മുനീർ അഹമ്മദിൽ നിന്ന് കടമായി വാങ്ങിയിരുന്നു. പിന്നീട് ഈ തുക തിരികെ ആവശ്യപ്പെട്ടപ്പോൾ 2013ൽ നൽകിയ ചെക്ക് മടങ്ങിയതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുനീറിന്റെ അഭിഭാഷകൻ അറിയിച്ചു.

