കൊച്ചി: ലൈസന്‍സും ആവശ്യമായ സുരക്ഷാ ക്ലിയറന്‍സും ഇല്ലാതെ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവുമായി റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടണമെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
ഇന്ത്യയില്‍ സാറ്റലൈറ്റ് ചാനല്‍ പ്രവര്‍ത്തിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്‍സ് നിര്‍ബന്ധമാണെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അപ്‌ലിങ്കിംഗ്, ഡൗണ്‍ലിങ്കിംഗ് ലൈസന്‍സുകള്‍ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Reporter TVയുടെ ലൈസന്‍സ് ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡിനും ഡയറക്ടര്‍മാരായ എം.വി. നികേഷ് കുമാര്‍, റാണി വര്‍ഗീസിനുമാണ് ലഭിച്ചതെന്ന് സാബു ജേക്കബ് പറഞ്ഞു. എന്നാല്‍ പിന്നീട് ചാനല്‍ നടത്തിപ്പ് അഗസ്റ്റ്യന്‍ സഹോദരന്മാര്‍ക്ക് നല്‍കിയതോടെ 2022ലെ ബ്രോഡ്കാസ്റ്റിംഗ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായി ആരോപിച്ചു.
ഇതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷാ ക്ലിയറന്‍സ് റദ്ദാക്കിയതായും, സുരക്ഷാ ക്ലിയറന്‍സ് നഷ്ടപ്പെട്ടാല്‍ ലൈസന്‍സും സ്വാഭാവികമായി നിലനില്‍ക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ ഒരു ചാനല്‍ ഒരു നിമിഷം പോലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അഗസ്റ്റ്യന്‍ സഹോദരന്മാര്‍ വിവിധ മാര്‍ഗങ്ങളിലൂടെ ചാനലിന്റെ നിയന്ത്രണം കൈവശപ്പെടുത്തിയതായും, പുതിയ കമ്പനി രൂപീകരിച്ച് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം ആരോപിച്ചു. ചാനലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും സാമൂഹ്യമാധ്യമങ്ങളിലും വ്യത്യസ്ത ഉടമസ്ഥാവകാശ വിവരങ്ങളാണ് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് ആരോപിച്ച സാബു ജേക്കബ്, പിന്നീട് ഹൈക്കോടതിയെ സമീപിച്ചതായും വ്യക്തമാക്കി. ഹര്‍ജി പരിഗണിച്ച കോടതി കേന്ദ്രത്തോട് വിശദീകരണം തേടിയിരുന്നു.
ഇതിനിടെ, ചാനലിന്റെ സുരക്ഷാ ക്ലിയറന്‍സ് പിന്‍വലിച്ചതായും, ലൈസന്‍സ് റദ്ദാക്കാതിരിക്കാനുള്ള കാരണം കാണിക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും കോടതിയില്‍ കേന്ദ്രം അറിയിച്ചു.
അതേസമയം, തന്റെ പാര്‍ട്ടിയെ ലക്ഷ്യമിട്ട് വ്യാജ വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തതിനെതിരെ മാനനഷ്ടക്കേസും നല്‍കിയിട്ടുണ്ടെന്ന് സാബു ജേക്കബ് പറഞ്ഞു. ചാനല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
In Kochi, Sabu M. Jacob demanded the immediate shutdown of Reporter TV, alleging that the channel has been operating without valid license and security clearance for over two years. He claimed that the Union government had already revoked the channel’s security clearance and issued a notice regarding license cancellation. He has approached the High Court seeking action and also filed a defamation case over alleged fake news against his party.

