തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി കെ-ഡിസ്‌ക് സംഘടിപ്പിച്ച ഇന്നൊവേഷൻ ഡേ 2026. തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് കുട്ടികളുമായി നേരിട്ട് ആശയവിനിമയം നടത്തി സമയം ചെലവഴിച്ചത് ശ്രദ്ധേയമായി.
പരിപാടിയുടെ ഭാഗമായി കുട്ടികൾക്കായി തയ്യാറാക്കിയ സാങ്കേതിക സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. കെ-ഡിസ്‌കിന്റെ സോഷ്യൽ എന്റർപ്രൈസ് ആൻഡ് ഇൻക്ലൂഷൻ വിഭാഗം സംഘടിപ്പിച്ച അസിസ്റ്റീവ്, അഡാപ്റ്റീവ്, കോഗ്നിറ്റീവ് ഉപകരണങ്ങളുടെ സംസ്ഥാനതല വിതരണച്ചടങ്ങിലായിരുന്നു കുട്ടികൾ മന്ത്രിയുമായി സംസാരിക്കുകയും അനുഭവങ്ങൾ പങ്കിടുകയും ചെയ്തത്.
മന്ത്രിക്കൊപ്പം ഫോട്ടോയെടുക്കാനും സംസാരിക്കാനുമായ അവസരം കുട്ടികളിൽ വലിയ ആവേശം സൃഷ്ടിച്ചു. ഇന്നൊവേഷൻ ഡേയുടെ പ്രധാന ആകർഷണങ്ങളിലൊന്നായി ഈ നിമിഷങ്ങൾ മാറി.
കുട്ടികളോട് കുശലാന്വേഷണം നടത്തിയ മന്ത്രി, അവരുടെ ആശയങ്ങളും കഴിവുകളും പൂർണ്ണമായി പുറത്തെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ഇത്തരം കഴിവുകൾ വളർത്തുന്നതിൽ കെ-ഡിസ്‌ക് നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. സ്‌ട്രൈഡ് പദ്ധതി പോലുള്ള പ്രവർത്തനങ്ങൾ ആധുനിക സമൂഹത്തിന് വഴികാട്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭിന്നശേഷി കുട്ടികളുടെ പഠനത്തിനും വളർച്ചയ്ക്കും സഹായകരമായ സാങ്കേതിക ഉപകരണങ്ങൾ വിജ്ഞാന കേരളം മുഖ്യ ഉപദേഷ്ടാവ് ഡോ. തോമസ് ഐസക് കുട്ടികൾക്ക് കൈമാറി. കെ-ഡിസ്‌കിന്റെ സ്‌ട്രൈഡ് (Social Technology and Research for Inclusive Design Excellence) പദ്ധതിയിലൂടെയാണ് ഈ ഉപകരണങ്ങൾ വികസിപ്പിച്ചത്.
ഓരോ പൗരനും സമൂഹത്തിൽ ഒരുപോലെ സ്വതന്ത്രമായി ഇടപെടാൻ കഴിയുന്ന പുതിയ കേരളം സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് കെ-ഡിസ്‌ക് എക്സിക്യൂട്ടീവ് ഡയറക്ടർ റോബിൻ ടോമി പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭിന്നശേഷി വിദ്യാർത്ഥികൾ, ബഡ്‌സ് സ്കൂൾ അധ്യാപകർ, സോഷ്യൽ ടെക്നോളജി വിദഗ്ധർ, അക്കാദമിക് വിദഗ്ധർ, നയരൂപകർ, കമ്മ്യൂണിറ്റി നേതാക്കൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
ഇന്നൊവേഷൻ ഡേയുടെ ഭാഗമായി പങ്കാളിത്ത രൂപകൽപനയിലൂടെ വികസിപ്പിച്ചെടുത്ത സഹായ ഉപകരണങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. സാമൂഹിക നവീകരണ രംഗത്തെ വിദഗ്ധർ പങ്കെടുത്ത പാനൽ ചർച്ചയിൽ ഇൻക്ലൂസീവ് ഡിസൈൻ, ഭിന്നശേഷി നീതി, സുസ്ഥിര ഉപജീവന മാർഗങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.
ഭിന്നശേഷിക്കാർക്ക് സ്വയംപര്യാപ്തതയോടെ അന്തസ്സോടെ ജീവിക്കാൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌ട്രൈഡ് പദ്ധതി പ്രവർത്തിക്കുന്നത്. ടെക്‌നോളജി സ്‌കില്ലിങ്ങും ഗവേഷണവും ഉൾപ്പെടുത്തി ഭിന്നശേഷിക്കാർ തന്നെ പങ്കാളികളായി നിർമ്മിക്കുന്ന സഹായ ഉപകരണങ്ങളാണ് പദ്ധതിയുടെ പ്രത്യേകത.
ഇൻക്ലൂസീവ് ഡിസൈൻ, സാമൂഹിക നവീകരണം, ഭിന്നശേഷി നീതി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ഒത്തുചേരലുകളിൽ ഒന്നായി ഇന്നൊവേഷൻ ഡേ 2026 മാറി.
The presence of children with disabilities from different districts made Innovation Day 2026, organised by K-DISC in Thiruvananthapuram, a special event. Local Self Government Minister M.B. Rajesh interacted with the children and encouraged them to express their ideas and talents. Assistive technological devices developed under the STRIDE (Social Technology and Research for Inclusive Design Excellence) project were distributed during the event. The devices were handed over by Dr. Thomas Isaac, Chief Advisor of Knowledge Kerala. The programme highlighted Kerala’s commitment to inclusive design, social innovation, and ensuring equal opportunities for persons with disabilities.

