ഗൂഗിൾ ക്രോമിൽ വൻ സുരക്ഷാ വീഴ്ച; മുന്നറിയിപ്പുമായി സർക്കാർ ഏജൻസി, ഇക്കാര്യങ്ങൾ ചെയ്യാൻ നിർദേശം

0

ന്യൂഡൽഹി: ഗൂഗിൾ ക്രോം ബ്രൗസറിൽ പുതിയ സുരക്ഷാ പിഴവ് കണ്ടെത്തി. ഇത് വഴി ഹാക്കർമാർക്ക് നിങ്ങളുടെ കമ്പ്യൂട്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കാനും വ്യക്തിഗത വിവരങ്ങൾ ചോർത്താനും സാധിക്കുമെന്ന് സെർട്ട്-ഇൻ മുന്നറിയിപ്പ് നൽകി. ക്രോമിന്റെ സി.എസ്.എസ് (CSS), വി8 ജാവാസ്ക്രിപ്റ്റ് എൻജിൻ (V8 JavaScript Engine) തുടങ്ങിയ ഭാഗങ്ങളിലെ ‘യൂസ്-ആഫ്റ്റർ-ഫ്രീ’ (Use-after-free) പോലുള്ള സാങ്കേതിക പിഴവുകളാണ് വില്ലനാകുന്നത്.

വിൻഡോസ്, മാക്, ലിനക്സ് എന്നീ പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കുന്ന ക്രോം ഉപയോക്താക്കളെ ലക്ഷ്യമിട്ട് ഹാക്കർമാർ ഡാറ്റാ ചോർത്തലിനും സിസ്റ്റം നിയന്ത്രണമേറ്റെടുക്കുന്നതിനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആരെയൊക്കെ ബാധിക്കും?

താഴെ പറയുന്ന വേർഷനുകൾക്ക് മുൻപുള്ള ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ ഉടൻ അപ്‌ഡേറ്റ് ചെയ്യണം:

Windows & Mac: 145.0.7632.116/117 (അല്ലെങ്കിൽ അതിന് ശേഷമുള്ളവ)

Linux: 144.0.7559.116 (അല്ലെങ്കിൽ അതിന് ശേഷമുള്ളവ)

ഏറ്റവും പുതിയ മാർച്ച് അപ്‌ഡേറ്റ് 145.0.7632.159/160 വേർഷനിലേക്ക് മാറുന്നത് കൂടുതൽ സുരക്ഷിതമാണ്.

എങ്ങനെയാണ് ഹാക്കിങ് നടക്കുന്നത്?

പ്രത്യേകമായി തയ്യാറാക്കിയ ഒരു വെബ്‌സൈറ്റോ ലിങ്കോ സന്ദർശിക്കുന്നതിലൂടെ ഹാക്കർമാർക്ക് നിങ്ങളുടെ ബ്രൗസറിൽ മാരകമായ കോഡുകൾ പ്രവർത്തിപ്പിക്കാൻ കഴിയും. ഇതിലൂടെ പാസ്‌വേഡുകൾ, ബാങ്കിംഗ് വിവരങ്ങൾ എന്നിവ ചോർത്താനും സിസ്റ്റം ഹാക്ക് ചെയ്യാനും സാധിക്കും.

സുരക്ഷിതരാകാൻ എന്തുചെയ്യണം?

ക്രോം ബ്രൗസർ തുറന്ന് വലതുവശത്തെ മൂന്ന് കുത്തുകളിൽ (Menu) ക്ലിക്ക് ചെയ്യുക.

Settings എന്നതിൽ പോയി About Chrome എന്നത് തിരഞ്ഞെടുക്കുക.

പുതിയ അപ്‌ഡേറ്റ് ഉണ്ടെങ്കിൽ അത് തനിയെ ഡൗൺലോഡ് ആകും. ശേഷം Relaunch ബട്ടൺ അമർത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here