മലയാളിയായ പ്രമുഖ വനിത ഡിജെകളിൽ ഒരാളാണ് സന. കൊച്ചി സ്വദേശിനിയായ ഷഹനയാണ് പിന്നീട് ഡിജെ സന എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.
വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങളും സനയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ രണ്ട് ദിവസം മുന്‍പ് തൃശ്ശൂരിൽ നടന്ന പരിപാടിയ്ക്ക് പിന്നാലെ വലിയ രീതിയിലുള്ള സൈബറാക്രമണമാണ് സന നേരിടേണ്ടി വന്നത്. ബോഡി ഷെയ്മിങ്ങിനൊപ്പം വസ്ത്ര ധാരണത്തിനെതിരെയും വൻ വിമർശനങ്ങൾ ഉയർന്നു.
സൈബറാക്രമണത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സന. ഒരു റിയാക്ഷൻ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്ത് കൊണ്ടാണ് സനയുടെ പ്രതികരണം. സബീൽ ബില്ലു എന്നയാളുടെ പോസ്റ്റിന് താഴെയാണ് കമന്റ്. ‘സ്ത്രീകൾ ഈ വീഡിയോ കണ്ടിട്ട് അഭിപ്രായം പറയൂ’, എന്നായിരുന്നു സബീലിന്റെ ക്യാപ്ഷൻ.
ഇത് വേദനയ്ക്കും അപ്പുറമായ കാര്യമാണെന്നും ബോഡി ഷെയ്മിങും പരിഹാസങ്ങളും ജീവഭയമുണ്ടാക്കുന്നതാണ് എന്നുമാണ് സന കുറിച്ചിരിക്കുന്നത്. “ഇത് കേവലം വേദന മാത്രമല്ല. അതിനും അപ്പുറമാണ്. ഇത് നിരന്തരമായ ഉപദ്രവവും ഭീഷണിപ്പെടുത്തലും ബോഡി ഷെയ്മിങ്ങുമാണ്. ഒരു സ്ത്രീയുടെ വസ്തുനിഷ്ഠതയും.
ഇത്തരം പ്രവർത്തികൾ ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കും. ഈ ലോകത്തോട് വിട പറയണമെന്ന ചിന്തകളിലേക്ക് അവരെ തള്ളിവിടുകയാണ് ചെയ്യുന്നത്. ഫലത്തിൽ, അത് സ്വയം ഉപദ്രവിക്കുന്നതിനോ ആത്മഹത്യ ചെയ്യുന്നതിനോ പ്രേരിപ്പിക്കുന്നത് തുല്യമാണ്”, എന്നാണ് സന കമന്റിൽ കുറിച്ചിരിക്കുന്നത്.

