കൊച്ചി: കേരള സ്റ്റോറി 2 എന്ന ചിത്രത്തിന്റെ പേര് തിരുത്തണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഹർജിക്കാരന് എതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പ്രദർശനാനുമതി നൽകിയ ഡിവിഷൻ ബെഞ്ചിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ ഹർജിയിൽ ഉൾപ്പെടുത്തിയതിനെ കോടതി കടുത്ത ഭാഷയിൽ ചോദ്യം ചെയ്തു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഡിവിഷൻ ബെഞ്ചിനെതിരായ പരാമർശങ്ങൾ ഹർജിയിൽ എങ്ങനെ ഉൾപ്പെടുത്തിയെന്ന് കോടതി ചോദിച്ചു. ഹർജിയിലെ ഭാഷ കോടതിയെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ഇതിനിടെ ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ ക്ഷമ ചോദിച്ചു. തുടർന്ന് കോടതിക്കെതിരായ പരാമർശങ്ങൾ ഒഴിവാക്കി പുതുക്കിയ ഹർജി നൽകാൻ കോടതി അനുമതി നൽകി.
‘കേരള സ്റ്റോറി’ സിനിമ പുറത്തിറങ്ങിയപ്പോൾ തന്നെ വലിയ വിവാദങ്ങൾ ഉണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്. ചിത്രത്തിന്റെ ഉള്ളടക്കത്തെയും പേരിനെയും ചുറ്റിപ്പറ്റി വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ‘കേരള സ്റ്റോറി 2’ എന്ന പേരിനെതിരെയും നിയമപരമായ വെല്ലുവിളി ഉയർന്നത്.

