കോവളം: അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ (KACV) ‘WOW – Women’s Week’ ആഘോഷങ്ങൾക്ക് തുടക്കമാകുന്നു. ടിക്കർ ഇവന്റ്‌സുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി ഇന്ന് (മാർച്ച് 6) പ്രശസ്തമായ ‘ഗോസിപ്പ്’ (Gossip) എന്ന നൃത്തശില്പം അരങ്ങേറും.
കൊച്ചി–മുസിരിസ് ബിനാലെ 2025–2026ൽ ആദ്യമായി അവതരിപ്പിച്ച 45 മിനിറ്റ് ദൈർഘ്യമുള്ള ഈ നൃത്തശില്പം സ്ത്രീകളുടെ സൗഹൃദങ്ങളും അതിജീവനവും പ്രമേയമാക്കുന്നതാണ്. തുടിപ്പ് ഡാൻസ് ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന ഈ കലാരൂപം ‘ഗോസിപ്പ്’ എന്ന ആശയത്തെ വെറും തമാശയായി കാണാതെ, പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകൾ പരസ്പരം പങ്കിടുന്ന കരുതലിന്റെയും പിന്തുണയുടെയും ആശയവിനിമയമായി അവതരിപ്പിക്കുന്നു.
അഞ്ജലി കൃഷ്ണദാസ്, പൊന്നു സജീവ്, ഗ്രീഷ്മ നരേന്ദ്രൻ എന്നീ മൂന്ന് സുഹൃത്തുക്കളുടെ ജീവിതാനുഭവങ്ങളിലൂടെ സഞ്ചരിക്കുന്ന നൃത്തശില്പം സ്ത്രീകൾ തമ്മിൽ കഥകളും അനുഭവങ്ങളും പങ്കിടുന്ന ‘Third Spaces’ എന്ന ആശയത്തെയും മുന്നോട്ട് വയ്ക്കുന്നു. വൈവിധ്യമാർന്ന ഇന്ത്യൻ നൃത്തരൂപങ്ങൾ കോർത്തിണക്കിയാണ് ഈ കലാപ്രകടനം ഒരുക്കിയിരിക്കുന്നത്.
സ്ത്രീകളുടെ സൃഷ്ടിപരമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഈ നൃത്തശില്പത്തിൽ ആശയരൂപീകരണം മുതൽ സംവിധാനം, സംഗീതം, വസ്ത്രാലങ്കാരം എന്നിവിടങ്ങളോളം സ്ത്രീകളുടെ സജീവ സാന്നിധ്യമാണ്.
സ്ത്രീത്വത്തിന്റെ കരുത്തും കലാപരമായ നവീനതയും ഉയർത്തിക്കാട്ടുന്ന ഇത്തരം സൃഷ്ടികൾക്ക് വേദിയാകുന്നതിൽ ക്രാഫ്റ്റ്‌സ് വില്ലേജ് അഭിമാനിക്കുന്നുവെന്ന് കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ശ്രീപ്രസാദ് ടി.യു പറഞ്ഞു. പാരമ്പര്യ കലകളും സമകാലിക പ്രകടനങ്ങളും തമ്മിലുള്ള സംവാദത്തിന് വേദിയൊരുക്കി സാമൂഹിക മാറ്റത്തിന് പ്രചോദനമാകാനാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ജലി കൃഷ്ണദാസും പൊന്നു സജീവും ചേർന്ന് സംവിധാനം ചെയ്ത നൃത്തശില്പത്തിന് ഗ്രീഷ്മ നരേന്ദ്രനാണ് കൊറിയോഗ്രാഫി നിർവഹിച്ചത്. ചാരു ഹരിഹരന്റെ സംഗീതവും ഗൗരിമനോഹരിയുടെ ലൈറ്റിംഗും ശിൽപ സുഗുണന്റെ വസ്ത്രാലങ്കാരവും അവതരണത്തിന് മിഴിവേകുന്നു.
മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലും വൈദഗ്ദ്ധ്യമുള്ള അഞ്ജലിയും പൊന്നുവും ചേർന്ന് രൂപീകരിച്ച ‘തുടിപ്പ്’ എന്ന കലാസംഘം കലയെ സാമൂഹിക മാറ്റങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര വേദിയായാണ് പ്രവർത്തിക്കുന്നത്. ഇന്ന് വൈകുന്നേരം ക്രാഫ്റ്റ്‌സ് വില്ലേജിൽ നടക്കുന്ന പരിപാടി സ്ത്രീസൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും പുതിയ അനുഭവങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.
As part of International Women’s Day celebrations, the Kerala Arts and Crafts Village (KACV) in Kovalam is hosting the WOW – Women’s Week in collaboration with Ticker Events. The highlight of the event is the dance production “Gossip”, a 45-minute performance first presented at the Kochi-Muziris Biennale 2025–26. Presented by Thudippu Dance Foundation, the work explores women’s friendships and resilience, redefining “gossip” as a form of care, solidarity, and communication among women in a patriarchal society.

