ഓഫീസിൽ നടത്തിയ ആരോഗ്യ പരിശോധന തന്റെ ജീവിതം തന്നെ മാറ്റിമറിച്ച അനുഭവം പങ്കുവെച്ച് യുവാവ്. മൾട്ടിനാഷണൽ കമ്പനിയിൽ സീനിയർ മാനേജറായി ജോലി ചെയ്തിരുന്ന സന്തോഷ് പാടോലെ 2025 മെയ് മാസത്തിൽ ഓഫീസിൽ സംഘടിപ്പിച്ച ഹെൽത്ത് ചെക്കപ്പിൽ പങ്കെടുത്തപ്പോഴാണ് അദ്ദേഹത്തിന് തൈറോയ്ഡ് ക്യാൻസറാണെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ ഒന്നര വർഷമായി ശരീരത്തിൽ ട്യൂമർ നിശബ്ദമായി വളർന്നുവരികയായിരുന്നു. തുടർന്ന് ഉടൻ ചികിത്സ ആരംഭിക്കുകയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാകുകയും ചെയ്തു. കമ്പനിയുടെ മെഡിക്കൽ ഇൻഷുറൻസ് ഉണ്ടായിരുന്നതിനാൽ ചികിത്സാ ചെലവിൽ വലിയൊരു ആശ്വാസം ലഭിച്ചു.
എന്നാൽ ചികിത്സയിലൂടെ കടന്നുപോകുന്നതിനിടെ 2025 ജൂലൈയിൽ കമ്പനി അദ്ദേഹത്തോട് ജോലിയിൽ നിന്ന് രാജിവെക്കാൻ ആവശ്യപ്പെട്ടു. മികച്ച പ്രകടനവും നിരവധി പ്രമോഷനുകളും നേടിയ കരിയറിലുണ്ടായ ഈ സംഭവത്തിൽ സന്തോഷ് അക്ഷരാർത്ഥത്തിൽ ഞെട്ടിയതായി പറഞ്ഞു.
പിരിച്ചുവിടലിന്റെ കാരണം വ്യക്തമാക്കാൻ ആവശ്യപ്പെട്ട് കമ്പനിയോട് ഇമെയിൽ അയച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്ന് വക്കീൽ നോട്ടീസ് നൽകിയപ്പോൾ ജോലിയിൽ അപാകതകൾ ഉണ്ടായിരുന്നുവെന്നായിരുന്നു കമ്പനിയുടെ മറുപടി. എന്നാൽ ഇതിന് വ്യക്തമായ തെളിവുകളോ വിശദീകരണമോ നൽകാൻ കഴിഞ്ഞില്ല.
ജോലി തിരികെ ലഭിക്കാൻ അദ്ദേഹം പലതവണ അപേക്ഷിച്ചെങ്കിലും കമ്പനി തയ്യാറായില്ല. പിന്നീട് ലിങ്ക്ഡ്ഇനിൽ നിരാഹാര സമരം നടത്തുമെന്ന് അറിയിച്ചതിനെ തുടർന്ന് കമ്പനി ബന്ധപ്പെടുകയുണ്ടായെങ്കിലും രേഖാമൂലമായ ഉറപ്പുകൾ നൽകിയില്ല. തുടർന്ന് സമരം ആരംഭിച്ചെങ്കിലും അഞ്ചാം ദിവസം ആരോഗ്യനില മോശമായതിനെ തുടർന്ന് അത് അവസാനിപ്പിക്കേണ്ടി വന്നു.
ഈ സംഭവം ഇന്ത്യയിലെ തൊഴിൽ നിയമങ്ങളിലെ വലിയൊരു പോരായ്മയിലേക്ക് ശ്രദ്ധ തിരിക്കുന്നു. ഗുരുതര രോഗങ്ങളുള്ള ജീവനക്കാരെ ജോലിസ്ഥല വിവേചനങ്ങളിൽ നിന്ന് സംരക്ഷിക്കാൻ വ്യക്തമായ നിയമങ്ങൾ രാജ്യത്ത് ഇല്ലെന്നതാണ് ഈ സംഭവത്തിലൂടെ ഉയർന്ന ചർച്ച.
ഇപ്പോൾ ജോലി നഷ്ടപ്പെട്ട അവസ്ഥയിലും ക്യാൻസറിനെതിരെ പോരാടുന്ന സന്തോഷ്, ഗുരുതര രോഗമുള്ള ജീവനക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ നിയമം കൊണ്ടുവരണമെന്ന ലക്ഷ്യത്തോടെ സ്വകാര്യ അംഗ ബിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്.
A senior manager in a multinational company shared his experience after being diagnosed with thyroid cancer during a health check-up conducted at his workplace. Santosh Patole discovered the illness in May 2025 and soon underwent surgery and treatment. However, in July 2025, the company allegedly asked him to resign from his job. Despite his strong performance record and multiple promotions, he was unable to get a clear explanation for the decision. The incident has sparked debate about the lack of legal protection in India against workplace discrimination for employees suffering from serious illnesses.

