കൊച്ചി: ലോകത്തെ മുന്‍നിര എഐ സിആര്‍എം കമ്പനിയായ സെയില്‍സ്‌ഫോഴ്‌സ് പുറത്തിറക്കിയ പുതിയ സ്റ്റേറ്റ് ഓഫ് സെയില്‍സ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ 91% സെയില്‍സ് പ്രൊഫഷണലുകള്‍ എഐ ഏജന്റുകള്‍ ബിസിനസ് വിജയത്തിന് നിര്‍ണായകമാണെന്ന് അഭിപ്രായപ്പെട്ടു. 2026ല്‍ സെയില്‍സ് ലക്ഷ്യങ്ങള്‍ നേടുന്നതിനായി നിരവധി സ്ഥാപനങ്ങള്‍ എഐ സാങ്കേതികവിദ്യയിലേക്കാണ് കൂടുതല്‍ ശ്രദ്ധ തിരിക്കുന്നത്.
റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച്, ഇന്ത്യയിലെ 90% സെയില്‍സ് സ്ഥാപനങ്ങളും ഇതിനകം തന്നെ പ്രോസ്‌പെക്ടിംഗ്, ഫോര്‍കാസ്റ്റിംഗ്, ലീഡ് സ്‌കോറിംഗ്, ഇമെയില്‍ തയ്യാറാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് എഐ ഉപയോഗിക്കുന്നു. എഐ ഉപയോഗിക്കുന്ന സെയില്‍സ് പ്രൊഫഷണലുകളില്‍ 94% പേര്‍ ഇത് ഉപഭോക്താക്കളെ കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ സഹായിക്കുന്നുവെന്ന് പറഞ്ഞു. കൂടാതെ 89% പേര്‍ക്ക് ജോലി സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എഐ ഏജന്റുകളുടെ ഉപയോഗം വേഗത്തില്‍ വര്‍ധിച്ചുവരികയാണ്. ഇന്ത്യയിലെ 54% സെയില്‍സ് പ്രൊഫഷണലുകള്‍ ഇതിനകം എഐ ഏജന്റുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും 2027ഓടെ 43% പേര്‍ കൂടി ഇത് ഉപയോഗിക്കാന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ട് പറയുന്നു. എഐ ഏജന്റുകള്‍ ഉപയോഗിക്കുന്നതിലൂടെ പ്രോസ്‌പെക്ട് റിസര്‍ച്ച് സമയം 35 ശതമാനവും ഇമെയില്‍ തയ്യാറാക്കുന്നതിനുള്ള സമയം 38 ശതമാനവും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച്, 58% ഇന്ത്യന്‍ സെയില്‍സ് പ്രതിനിധികള്‍ക്ക് അവരുടെ ജോലിയില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗം ‘കോള്‍ഡ് കോളിംഗ്’ ആണെന്ന് പറയുന്നു. ഇതിനൊപ്പം, 61% പേര്‍ക്ക് ആവശ്യമായ തോതില്‍ പുതിയ ഉപഭോക്താക്കളെ സമീപിക്കാന്‍ സമയം ലഭിക്കുന്നില്ലെന്നും വ്യക്തമാക്കുന്നു. ഇതിന് പരിഹാരമായി 54% പേര്‍ എഐ ഉപയോഗിച്ച് പ്രോസ്‌പെക്ടിംഗ് നടത്തുന്നു.
ഡാറ്റയുടെ ഗുണമേന്മയും എഐ ഉപയോഗത്തില്‍ പ്രധാനമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിലെ 82% സെയില്‍സ് പ്രൊഫഷണലുകള്‍ എഐ കൂടുതല്‍ ഫലപ്രദമാക്കാന്‍ ഡാറ്റാ ക്ലീനിംഗ് നടപടികള്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ട്.
ഇന്ത്യ പോലുള്ള മത്സരാധിഷ്ഠിത വിപണിയില്‍ സെയില്‍സ് മേഖലയിലെ പ്രവര്‍ത്തനം ‘ഹസില്‍’ മോഡില്‍ നിന്ന് ‘ഹൈപ്രസിഷന്‍’ മോഡിലേക്ക് മാറുകയാണെന്നും എഐ ഏജന്റുകള്‍ ടീമുകള്‍ക്ക് സമയം ലാഭിക്കാനും ഉപഭോക്താക്കളുമായി വിശ്വാസം വളര്‍ത്താനും സഹായിക്കുന്നുവെന്നും സെയില്‍സ്‌ഫോഴ്‌സ് സൗത്ത് ഏഷ്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും എസ്‌വിപിയുമായ സംഗീത ഗിരി പറഞ്ഞു.
ഈ പഠനത്തിനായി ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 4,050 സെയില്‍സ് പ്രൊഫഷണലുകളില്‍ നടത്തിയ സര്‍വേയുടെ ഡാറ്റയാണ് ഉപയോഗിച്ചത്. ഇന്ത്യയില്‍ നിന്നുള്ള 250 പേരും സര്‍വേയില്‍ പങ്കെടുത്തു.

