കോഴിക്കോട്: മുക്കം അങ്ങാടിക്ക് സമീപം പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണം. മുത്താലം-വട്ടോളി റോഡിലൂടെ വരികയായിരുന്നു ബൈക്ക് യാത്രികനെ കാട്ടുപന്നി കുത്തി തെറിപ്പിച്ചു. റോഡിലേക്ക് തെറിച്ചു വീണ യുവാവ് നിസാര പരിക്കുകളോടെ രക്ഷപെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജനവാസ മേഖലയിലേക്കാണ് കാട്ടുപന്നി പാഞ്ഞെത്തിയത് . റോഡിൽ തിരക്ക് കുറവായതിനാൽ വലിയ അപകടമാണ് ഒഴിവായത്. മറ്റാർക്കും അപകടത്തിൽ പരിക്കേറ്റിട്ടില്ല എന്നത് ആശ്വാസമാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് കാട്ടുപന്നി ആക്രമണത്തിന്റെ നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം ഇടുക്കി കാന്തല്ലൂർ കോവിൽക്കടവ് ടൗണിന് സമീപമുള്ള കൃഷിയിടത്തിൽെവച്ച് കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന് പരിക്കേറ്റിരുന്നു. പയസ് നഗർ പൂഴിക്കുന്നേൽ വീട്ടിൽ സൈമൺ ഉതുപ്പി (55) നാണ് കാലിൽ ഗുരുതരമായി പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് കൃഷിയിടത്തിൽ നില്ക്കുകയായിരുന്ന സൈമണ് നേരെ കാട്ടുപന്നി പാഞ്ഞടുത്തത്. പരിക്കേറ്റ സൈമണെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച തന്നെ ആലപ്പുഴ നൂറനാട് ഉണ്ടായ കാട്ടുപന്നി ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റിരുന്നു . പടനിലം കിടങ്ങയം സ്വദേശി മേരിക്കുട്ടിയെയാണ് കാട്ടുപന്നി ആക്രമിച്ചത്. ചൊവ്വ രാവിലെ ഒന്പതിന് സ്വന്തം പുരയിടത്തിൽ വച്ച് ആൺ ഇവരെ കാട്ടുപന്നി കുത്തിയത്. രാവിലെ പുരയിടത്തിൽ വിറക് ശേഖരിക്കാൻ പോയ മേരിക്കുട്ടിയമ്മ ശബ്‌ദം കേട്ട് നോക്കുമ്പോൾ കാട്ടുപന്നി നേരെ വരുന്നതാണ് കണ്ടത്. മാറാൻ ശ്രമിച്ച മേരിക്കുട്ടിയെ കൈക്ക് കുത്തി മറിച്ചിട്ടു. വീഴ്‌ചയിൽ കൈയിലുണ്ടായിരുന്ന ഒരു പവന്റെ സ്വർണവള കാണാതായി. തൊട്ടടുത്ത് കവുങ്ങിന് വെള്ളമൊഴിക്കുകയായിരുന്ന സ്‌ത്രീകൾ മേരിയുടെ ശബ്‌ദം കേട്ട് ഓടിയെത്തി. ഉടൻ ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞമാസം നൂറനാട് പടനിലത്ത് തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് സ്‌ത്രീകളെ കാട്ടുപന്നി കുത്തി പരിക്കേൽപ്പിച്ചിരുന്നു.

