കൊളംബോ: ശ്രീലങ്കയുടെ തെക്കൻ തീരത്ത് വെച്ച് ഇറാനിയൻ നാവിക യുദ്ധക്കപ്പലിന് നേരെ അന്തർവാഹിനിയുടെ ആക്രമണം. ആക്രമണത്തിന് പിന്നാലെ ‘ഐആർ ഐഎസ് ദേന’ എന്ന യുദ്ധ കപ്പൽ മുങ്ങിയെന്ന് റിപ്പോർട്ട്. കപ്പലിൽ 180 പേരുണ്ടായിരുന്നുവെന്നാണ് വിവരം. ഇവരിൽ 101 പേരെ കാണാതായെന്നാണ് വിവരം. അപകടത്തിൽ 78 പേർക്ക് പരിക്കേറ്റുവെന്നും ഇവരിൽ 32 പേരെ രക്ഷപ്പെടുത്തിയതായും ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രക്ഷപെട്ടവരുടെ പരിക്ക് ഗുരുതരമെന്നാണ് വിവരം. ഒരാൾ അതീവ ഗുരുതരാവസ്ഥയിലാണ്. ഏഴ് പേർക്ക് അതിവേഗം ചികിത്സ നൽകിയെന്നും ആരോഗ്യമന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥനായ ഡോക്‌ടർ അനിൽ ജസിംഗെ വ്യക്തമാക്കി.
ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന 2026 ലെ മിലാൻ ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്ന മൗഡ്ജ് ക്ലാസ് ഫ്രിഗേറ്റാണ് ഐആർ ഐഎസ് ദേന. കപ്പൽ മുങ്ങുന്നതായി ശ്രീലങ്കൻ നാവിക സേനയ്‌ക്ക് വിവരം ലഭിച്ചതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെറാത് പാർലമെന്റിനെ അറിയിച്ചു. വിവരം കിട്ടിയ ഉടൻ തന്നെ സൈന്യം ഉടൻ കപ്പലുകളും വായുസേനയുടെ രക്ഷാവിമാനങ്ങളും അയച്ചു. പരിക്കേറ്റവരെ കൊളംബോയിൽ നിന്ന് 115 കിലോമീറ്റർ തെക്കുള്ള ഗല്ലെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണാതായവർക്കുവേണ്ടി സമീപപ്രദേശങ്ങളിൽ നാവികസേനയുടെ നേതൃത്വത്തിൽ വ്യാപക തിരച്ചിൽ തുടരുകയാണ്.

