വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ ട്വിസ്റ്റ്; ആരാധകർക്ക് സർപ്രൈസുമായി അർജിത് സിംഗ്

0

സംഗീതാസ്വാദകരെ നിരാശയിലാഴ്ത്തിയ വാർത്തയായിരുന്നു അർജിത് സിംഗിന്റെ വിരമിക്കൽ പ്രഖ്യാപനം. ഇനി പിന്നണി പാടില്ലെന്ന് അറിയിച്ചതോടെ ആരാധകർ വേദന പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ രണ്ട് മാസത്തിന് ശേഷം ആരാധകർക്ക് ആശ്വാസമായി പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ഗായകൻ.

പുതിയ അസൈൻമെന്റുകൾ എടുക്കുന്നത് നിർത്തിയെങ്കിലും, ഇതിനകം ഏറ്റെടുത്ത ഗാനങ്ങൾ ഇനിയും നിറയെ ബാക്കിയുണ്ടെന്നും ഈ വർഷവും ഒരുപക്ഷേ അടുത്ത വർഷവും തന്റെ പുതിയ ഗാനങ്ങൾ പുറത്തിറങ്ങുമെന്നും അർജിത് വ്യക്തമാക്കി.

“ഈ സന്ദേശം എന്റെ ശ്രോതാക്കൾക്ക് വേണ്ടിയാണ്. നിങ്ങൾ എന്റെ ശ്രോതാവല്ലെങ്കിൽ ദയവായി ഇത് വായിക്കരുത്. ഹലോ എന്റെ പ്രിയപ്പെട്ടവരെ! ഞാൻ നിങ്ങളെ വളരെ സ്നേഹിക്കുന്നു. ഈ ക്രൂര ലോകത്ത് നിങ്ങൾ കാണിക്കുന്ന ദയയ്ക്ക് നന്ദി. പുതിയ അസൈൻമെന്റുകൾ എടുക്കുന്നത് നിർത്തിയെങ്കിലും ബാക്കിയുള്ള ഗാനങ്ങളുടെ പട്ടിക ചെറുതല്ല. ഈ വർഷം മുഴുവനും ആ ഗാനങ്ങൾ ഉണ്ടാകും. ചിലപ്പോൾ അടുത്ത വർഷവും. സമാധാനത്തോടെ ഇരിക്കൂ. ഈ പ്ലാറ്റ്ഫോമുകളിൽ നിന്ന് പുറത്തുകടക്കൂ. വായിക്കുക, സ്നേഹിക്കുക, ധ്യാനിക്കുക. ജയ് ദേവി,” എന്നാണ് എക്സ് ഡോട്ട് കോമിൽ അർജിത് കുറിച്ചത്.

ജനുവരി 27നാണ് പിന്നണി ഗാനരംഗത്ത് നിന്ന് പിന്മാറുന്നതായി അർജിത് സിംഗ് പ്രഖ്യാപിച്ചത്. 38-ാം വയസിലായിരുന്നു തീരുമാനം. ഇത് പിന്നണി ഗാനരംഗത്തിൽ നിന്നുള്ള പിന്മാറ്റമാത്രമാണെന്നും സംഗീത മേഖലയിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here