പ്രാർത്ഥനകൾ വിഫലം, തീരാനോവായി കണ്ണനും ബിബിനും; പരവൂരിൽ കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി

0

കൊല്ലം: പരവൂരിൽ കടലിൽ കുളിക്കാൻ ഇറങ്ങിയതിന് പിന്നാലെ ചുഴിയിൽപെട്ട് കാണാതായ പ്ലസ് വൺ വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഗാന്ധി നഗർ 65ൽ ഭാനുമതി വിലാസത്തിൽ ശെൽവരാജിന്റെയും സുലേഖയുടെയും മകൻ ബിബിൻ രാജിന്റെയും(16), അയൽവാസിയായ മനയ്ക്കര കിഴക്കതിൽ ജയരാജിന്റെയും സുജയുടെയും മകൻ കണ്ണൻ രാജിന്റെയും(16) മൃതദേഹമാണ് തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. പൊഴിക്കരയ്ക്ക് സമീപത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നേവിയുടെയും, ഫയര്ഫോഴ്സിന്റെയും, മറൈൻ ഇൻഫോഴ്സ്മെന്റിന്റെയും നേതൃത്വത്തിൽ നടന്ന തിരച്ചിലിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ ഉച്ചയോടെയാണ് ബിബിൻ രാജും കണ്ണൻ രാജും മറ്റ് 3 സുഹൃത്തുക്കളായ അബു താഹിർ, അർജുൻ, ഹിനാൻ എന്നിവർക്കൊപ്പം പരവൂർ പൊഴിക്കര ദേവി ക്ഷേത്രത്തിന് സമീപത്ത് എത്തിയത്. കണ്ണൻ രാജും ബിബിൻ രാജും അബുതാഹിറുമാണ് കടലിൽ ഇറങ്ങിയത്. മറ്റുള്ളവർ കരയ്ക്ക് നിൽക്കുകയായിരുന്നു. ബിപിൻ രാജ‍ാണ് ആദ്യം കടലിൽ അകപ്പെട്ടത്. ബിപിനെ രക്ഷിക്കാൻ ശ്രമിച്ച കണ്ണൻ രാജും അപകടത്തിൽപെട്ടു. അബുതാഹിറിനെ ഇന്നലെ രക്ഷപെടുത്തിരുന്നു. സുഹൃത്തുക്കൾ അപകടത്തിൽപ്പെട്ടത് കണ്ട കരയിൽ നിന്ന ബാക്കി കുട്ടികളാണ് വിവരം രക്ഷാപ്രവർത്തകർ അറിയിച്ചത്. ഇന്നലെ ഏറെ വൈകിയും ബിബിനെയും കണ്ണനെയും കണ്ടെത്താൻ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ഇന്ന് ഉച്ചയോടെ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി പാരിപ്പളളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here