തിരുവനന്തപുരം: ഗാനമേളയ്‌ക്കിടെ ഡാൻസ് കളിയ്ക്കാൻ അനുവദിക്കാത്തതിനെത്തുടർന്ന് ഗാനമേള ട്രൂപ്പിന്‍റെ ഉപകരണങ്ങൾ തല്ലിത്തകർത്തു. ലക്ഷങ്ങൾ വിലവരുന്ന സ്പീക്കർ ഉൾപ്പെടെയുള്ള ഉപകരണങ്ങളാണ് തല്ലിതകർത്ത്. തിരുവനന്തപുരം വട്ടപ്പാറ നമ്പാടിൽ ആയിരുന്നു സംഭവം. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇന്നലെ രാത്രി നടന്ന ഗാനമേളക്കിടെ ആണ് മദ്യപിച്ചെത്തിയ സംഘം അക്രമാസക്തരായതും ഉപകരണങ്ങൾ തല്ലി തകർത്തതും.
ഗാനമേള നടന്നുകൊണ്ടിരിക്കെ സ്റ്റേജിന് മുന്നിൽ ഡാൻസ് കളിക്കാൻ എത്തിയ മദ്യപ സംഘത്തെ പരിപാടിയുടെ സംഘാടകർ തടഞ്ഞിരുന്നു. ഇതിന്റെ പ്രകോപനത്തിലാണ് ഗാനമേള കഴിഞ്ഞശേഷം സംഘം ചേര്‍ന്നെത്തി സ്പീക്കറുകളും മറ്റും തകര്‍ത്തത്. സ്റ്റേജിലെ സാധനങ്ങളടക്കം വലിച്ചിടുകയും വിലകൂടിയ സ്പീക്കറുകളടക്കം അടിച്ച് തകർക്കുകയും ചെയ്തു. സംഘാടകരുടെ വാഹനങ്ങളുടെ ഗ്ലാസും അക്രമി സംഘം തകർത്തു. സംഭവത്തിൽ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടില്ല ആക്ഷേപവും ഉയരുന്നുണ്ട്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ആരെയും പിടികൂടിയിട്ടില്ല.

