ഇന്ത്യയുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കും: ബംഗ്ലാദേശ് കായികമന്ത്രി അമിനുൾ ഹഖ്

0

താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) രാജ്യത്ത് അധികാരമേറ്റതിന് പിന്നാലെ ക്രിക്കറ്റിൽ ഇന്ത്യയുമായുള്ള പ്രശ്‌നപരിഹാരത്തിന് ശ്രമം. കായിക രംഗത്തെ പ്രശ്‌നങ്ങൾ നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കാൻ ആഗ്രഹിക്കുന്നതായി പുതുതായി സത്യപ്രതിജ്ഞ ചെയ്ത കായിക മന്ത്രി അമിനുൾ ഹഖ് വ്യക്തമാക്കി. ബി.സി.സി.ഐയുമായി ഇനി കൊമ്പുകോർക്കാനില്ലെന്ന് അടിവരയിടുന്നതാണ് പുതിയ കായികമന്ത്രിയുടെ പ്രസ്താവന. ഈ വർഷം സെപ്തംബറിൽ നിശ്ചയിച്ച ഇന്ത്യ-ബംഗ്ലാദേശ് പരമ്പര തീരുമാനിച്ചതുപോലെ നടന്നേക്കും.

അധികാരമേറ്റയുടൻ ഞാൻ ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ സന്ദർശിച്ചു. സൗഹൃദ ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. അയൽ രാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്താനും കായിക രംഗത്തെ പ്രശ്‌നങ്ങൾ നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ക്രിക്കറ്റിൽ, ഐ.സി.സി നിയമങ്ങൾക്ക് അനുസൃതമായി ചർച്ചകളിലൂടെ ആവശ്യമായ നടപടികൾ സ്വീകരിക്കും. ഡെയ്‌ലി സ്റ്റാർ അമിനുൾ ഹഖിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.

നയതന്ത്രപരമായ സങ്കീർണ്ണതകൾ കാരണം ലോകകപ്പിൽ കളിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ലെന്ന് നിങ്ങൾക്കറിയാമല്ലോ. ആ പ്രശ്‌നങ്ങൾ മുൻകൂട്ടി ചർച്ച ചെയ്ത് പരിഹരിച്ചിരുന്നെങ്കിൽ, ഞങ്ങളുടെ ടീമിന് പങ്കെടുക്കാൻ കഴിഞ്ഞേനെ അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തിരഞ്ഞെടുപ്പിനെ താൻ മുമ്പ് തന്നെ ചോദ്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങൾ ചർച്ച ചെയ്യും. ശരിയായ ദിശയിൽ മുന്നോട്ട് പോകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ആവശ്യമായ നടപടികൾ ഉടൻ തന്നെ സ്വീകരിക്കും അമിനുൾ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here