ബംഗ്ലാദേശിൽ പുതിയ സർക്കാർ അധികാരമേൽക്കുന്നത് ചൊവ്വാഴ്ച്ച; സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോദിക്കും ക്ഷണം

0

ധാക്ക: ബംഗ്ലാദേശിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ചൊവ്വാഴ്ച നടക്കും. ബം​ഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ചെയർപേഴ്സൺ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് അധികാരമേൽക്കുന്നത്. 13 രാജ്യങ്ങളിലെ രാഷ്ട്രത്തലവൻമാരെയാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചതായി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. എന്നാൽ അദ്ദേഹം പങ്കെടുക്കുമോ എന്നതിൽ ഇതുവരെ അന്തിമ തീരുമാനം പുറത്തുവന്നിട്ടില്ല. ചൈന, സൗദി അറേബ്യ, തുർക്കി, ഇന്ത്യ, പാകിസ്താൻ, യുഎഇ, ഖത്തർ, മലേഷ്യ, ബ്രൂണൈ, ശ്രീലങ്ക, നേപ്പാൾ, മാലിദ്വീപ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളെയാണ് ഇടക്കാല സർക്കാർ ക്ഷണിച്ചിരിക്കുന്നത്.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ സത്യപ്രതിജ്ഞ രാവിലെ നടക്കും. തുടർന്ന് പ്രധാനമന്ത്രിയുടെയും മന്ത്രിസഭയുടെയും സത്യപ്രതിജ്ഞ ചടങ്ങ് നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ എഎംഎം നാസിറുദ്ദീൻ ആണ് താരിഖ് റഹ്‌മാന് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. ഫെബ്രുവരി 17-നെ “ബംഗ്ലാദേശിന്റെ ചരിത്ര ദിനം” എന്നാണു ബിഎൻപി വിശേഷിപ്പിക്കുന്നത്.

സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന ദിവസം പ്രധാനമന്ത്രി മോദിക്ക് മുംബൈയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ അദ്ദേഹത്തിന്റെ പങ്കാളിത്തം ഉണ്ടാകില്ലെന്നാണ് വിവരം. പകരം, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറോ ഉപരാഷട്രപതി സി.പി. രാധാകൃഷ്ണനോ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ചേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here