മൂന്നാം ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും, ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് ആവർത്തിച്ച് പ്രതിഭാഗം

0

പത്തനംതിട്ട: ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം. രാഹുലിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. പത്തനംതിട്ട സെഷൻസ് കോടതിയാണ് രാഹുലിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുക. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചിരുന്നെങ്കിലും ഡിജിറ്റൽ തെളിവുകളുടെ ആധികാരികതയിൽ പ്രോസിക്യൂട്ടർ സംശയം പ്രകടിപ്പിച്ചതിനെ പിന്നാലെ വിധി പറയുന്നത് മാറ്റി വെക്കുകയായിരുന്നു. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്നാണ് പ്രതിഭാഗം ആവർത്തിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയിൽ അധികമായി രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലാണ്. ജില്ലാ കോടതിയിൽ നിന്നും ഇന്ന് രാഹുലിന് അനുകൂലമായ വിധി ഉണ്ടായില്ലെങ്കിൽ ഹൈക്കോടതി സമീപിക്കാനാണ് നീക്കം.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്‌റ്റിസ് കൗസർ എടപ്പഗത്തിന്റെ ബഞ്ച് രാഹുലിന്റെ ഹർജിയിൽ ഇന്ന് വിശദമായ വാദം കേൾക്കും. മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ റിപ്പോർട്ട് നൽകിയിരുന്നു. കേസ് അന്വേഷിക്കുന്ന എസ്ഐടിയ്ക്ക് മുന്നിൽ രാഹുൽ പ്രതിയായ പത്തോളം പീഡന കേസുകളെപ്പറ്റിയുള്ള വിവരങ്ങളുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് രാഹുൽ മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് വിവരം. പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്ത ആദ്യ കേസിലെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്തിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയെ സമീപിച്ചത്.

രാഹുലിനെതിരെയുള്ള അതിജീവിതയുടെ സത്യവാങ്‌മൂലം കോടതിയിൽ സമർപ്പിച്ചിരുന്നു. രാഹുൽ മനോവൈകൃതമുള്ള സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നൽകിയാൽ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുമെന്നും അതിജീവിത ആരോപിച്ചിരുന്നു. ഇരകളെ പീഡിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നയാളാണ് പ്രതി എന്നാണ് വാദം. തന്നെ ഭീഷണിപ്പെടുത്തി ചിത്രീകരിച്ച നഗ്നവീഡിയോ ഇപ്പോഴും രാഹുലിന്റെ ഫോണിലുണ്ട്. പ്രതിക്ക് ജാമ്യം നൽകിയാൽ ഈ ദൃശ്യങ്ങൾ പുറത്താക്കുമെന്ന് ഭയമുണ്ട് തുടങ്ങിയ ആരോപണങ്ങളാണ് പരാതിക്കാരി സത്യവാങ്‌മൂലത്തിൽ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here