കൊച്ചി: താരസംഘടനയായ ‘അമ്മ’യെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടെ നടി ശ്വേത മേനോന് മറുപടിയുമായി നടി മാലാ പാർവതി. ശ്വേത മേനോൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിനാണ് മാലാ പാർവതി അതേ വേദിയിലൂടെ പ്രതികരിച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകളിലെ കുറ്റാരോപിതർ സംഘടനയിലെ ചിലരെ മുന്നിൽ നിർത്തി തന്നെ വ്യക്തിപരമായി അപമാനിക്കാനും യഥാർഥ വിഷയങ്ങളിൽ നിന്ന് പൊതുശ്രദ്ധ തിരിക്കാനുമാണ് ശ്രമിക്കുന്നതെന്ന് ശ്വേത മേനോൻ പുലർച്ചെ പങ്കുവെച്ച കുറിപ്പിൽ ആരോപിച്ചിരുന്നു.
ഈ ആരോപണം ഗൗരവമുള്ളതാണെന്നും, ശ്വേത മേനോൻ പരാമർശിച്ച ‘കുറ്റാരോപിതർ’ ആരാണെന്ന് വ്യക്തമാക്കണമെന്നും മാലാ പാർവതി ആവശ്യപ്പെട്ടു. ആരോപണങ്ങൾ പൊതുവേദിയിൽ ഉന്നയിക്കുമ്പോൾ വ്യക്തതയും തെളിവുകളും ഉണ്ടായിരിക്കണമെന്നും അവർ ചൂണ്ടിക്കാട്ടി.
‘അമ്മ’ സംഘടനയെയും ഹേമ കമ്മിറ്റി റിപ്പോർട്ടിനെയും ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ ഇരുവരുടെയും പരസ്യ പ്രതികരണങ്ങൾ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്

