തിരുവനന്തപുരം: ഇന്ന് വളരെ ശാന്തമായാണ് നിയമ സഭ സമ്മേളനം ആരംഭിച്ചതെങ്കിലും ചോദ്യോത്തര വേളയിലേക്ക് കടന്നതോടെ കാര്യങ്ങൾ വഷളായി. ചോദ്യോത്തര വേളയ്ക്കിടെ സ്പീക്കർ എ.എൻ. ഷംസീറും പി.പി. ചിത്തരഞ്ജൻ എംഎൽഎയും തമ്മിൽ വാക്കേറ്റമുണ്ടായി. ചോദ്യം ചോദിക്കാൻ അനുവദിച്ച സമയം മറ്റ് കാര്യങ്ങൾ സംസാരിച്ച എംഎൽഎയുടെ നടപടി സ്പീക്കറെ ചൊടിപ്പിച്ചു. ഇതോടെ ഉടൻ ചോദ്യത്തിലേക്ക് കടക്കണമെന്നും അനാവശ്യ കാര്യങ്ങൾ സഭയിൽ പറയരുതെന്നും സ്പീക്കർ ശാസിച്ചു.
എന്നാൽ സ്പീക്കറുടെ നിർദേശത്തിന് പിന്നാലെ താൻ പറയാനുള്ള കാര്യങ്ങൾ പറയുക തന്നെ ചെയ്യുമെന്ന് ത്തരഞ്ജൻ എംഎൽഎ തിരിച്ചടിച്ചു. ഇത് സ്പീക്കറെ കൂടുതൽ ചൊടിപ്പിച്ചു. സഭയിലെ ഉന്നത പദവിയായ ചെയറിനോട് വിനയത്തോടെ വേണം പെരുമാറാനെന്നും സഭാ മര്യാദകൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും സ്പീക്കർ പറഞ്ഞു. വാഗ്വാദം രൂക്ഷമായതോടെ സഭയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി.
തുടർന്ന് ചോദ്യോത്തര വേളയിൽ എല്ലാവരും കൃത്യ സമയം പാലിക്കണമെന്നും ചട്ടങ്ങൾ ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്ന് സ്പീക്കർ നിലപാട് കടുപ്പിച്ചു. ഇതോടെ എംഎൽഎ സഭയിൽ അച്ചടക്കമില്ലാത്ത പെരുമാറിയതായി ഭരണ-പ്രതിപക്ഷ നിരകളിൽ നിന്ന് വിമർശനം ഉയരുകയും ചെയ്തു. പിന്നീട് സഭയിലെ മുതിർന്ന അംഗങ്ങൾ ഇടപെടുകയും സ്ഥിതി ഗതികൾ ശാന്തമാകുകയും ചെയ്തു.

