‘പത്തുവർഷം കാത്തിരുന്ന സ്വപ്നം, എന്‍റെ സമയം ഒരുനാൾ വരുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു, ഞാൻ എന്നെ ഭാഗ്യവാനായി തന്നെയാണ് കാണുന്നത്,’; ആത്മവിശ്വാസത്തോടെ സഞ്ജു സാംസൺ

0

മുംബൈ: അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറും ഓപ്പണറുമായി മലയാളി താരം സഞ്ജു സാംസണ്‍ കളിക്കളത്തിലിറങ്ങും. എന്നാൽ, ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിച്ച് പത്ത് വർഷം പിന്നിട്ടിട്ടും ഇതുവരെ ഒരു ലോകകപ്പ് മത്സരത്തിൽ കളിക്കാൻ സാധിക്കാതിരുന്ന വേദന ബിസിസിഐ ടിവിക്ക് നല്‍കിയ അഭിമുഖത്തിൽ തുറന്നു പറയുകയാണ് സഞ്ജു. 2024ലെ ടി20 ലോകകപ്പ് ടീമിൽ അംഗമായിരുന്നെങ്കിലും പ്ലേയിംഗ് ഇലവനിൽ ഇടം ലഭിക്കാതിരുന്നതിന്റെ നിരാശ മറച്ചുവെക്കാതെ സഞ്ജു മനസ്സുതുറന്നു. കഴിഞ്ഞ ഒരു ദശാബ്ദക്കാലം നീണ്ട തന്റെ കരിയറിലെ ഉയർച്ചകളും താഴ്ചകളും സഞ്ജു ഓർത്തെടുത്തു.

ലോകകപ്പ് സ്വപ്നവും നിരാശയും

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ നിരവധി പരാജയങ്ങളും ചില മനോഹര വിജയങ്ങളും തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്ന് സഞ്ജു പറഞ്ഞു. ഇന്ത്യൻ ടീമിനായി ഒരു ലോകകപ്പ് കളിക്കാരനാകുക എന്ന വലിയ സ്വപ്നം എത്രത്തോളം ആഗ്രഹിക്കുന്നതാണെന്നും, അതിനായി എന്തെല്ലാം സഹിക്കേണ്ടിവരുമെന്നും തിരിച്ചറിയാനുള്ള കാലഘട്ടമായിരുന്നു ഈ വർഷങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
2024 ലോകകപ്പ് ടീമിൽ ഉണ്ടായിരുന്നിട്ടും ഒരു മത്സരത്തിൽ പോലും അവസരം ലഭിക്കാതിരുന്നത് വലിയ നിരാശയായിരുന്നുവെന്നും, പലപ്പോഴും കാര്യങ്ങൾ താൻ പ്രതീക്ഷിച്ചതുപോലെ നടന്നില്ലെന്നും സഞ്ജു സമ്മതിച്ചു. എന്നിരുന്നാലും, വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിൽ ഇടം നേടാൻ കഴിഞ്ഞതിൽ അങ്ങേയറ്റം നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിമർശനങ്ങൾക്കിടയിലെ ആത്മവിശ്വാസം

ഇന്ത്യക്കായി കളിക്കുമ്പോൾ ഉയരുന്ന വിമർശനങ്ങളും ബഹളങ്ങളും അവഗണിക്കുക എളുപ്പമല്ലെന്ന് സഞ്ജു തുറന്നുപറഞ്ഞു. അതിനാൽ തന്നെ, തനിക്ക് ചുറ്റും സ്വന്തം ഒരു ലോകം സൃഷ്ടിച്ചെന്നും, ഒപ്പമുള്ളവരെ കൂടുതൽ കരുത്തുറ്റവരാക്കാൻ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ട് പോകുകയായിരുന്നു തന്റെ വഴി. ‘എന്‍റെ സമയം ഒരുനാൾ വരുമെന്ന വിശ്വാസം എനിക്ക് ഉണ്ടായിരുന്നു. അതാണ് എന്നെ മുന്നോട്ട് നയിച്ചത്,’ സഞ്ജു വ്യക്തമാക്കി.

ഓപ്പണറായി പുതിയ ജീവിതം

ഒട്ടും പ്രതീക്ഷിക്കാത്ത ഘട്ടത്തിലാണ് താൻ ഓപ്പണറായി ബാറ്റ് ചെയ്യാൻ തുടങ്ങിയത് എന്നും സഞ്ജു പറഞ്ഞു. ടീമിലേക്ക് തിരിച്ചെത്തുമ്പോൾ മൂന്നാമോ നാലാമോ അഞ്ചാമോ നമ്പറിൽ ബാറ്റ് ചെയ്യാനായിരുന്നു പ്രതീക്ഷ. എന്നാൽ അവസരം തുറന്നത് ഓപ്പണിംഗ് സ്ഥാനത്തേക്കായിരുന്നു. പത്തോളം ഇന്നിംഗ്‌സുകളിൽ ലഭിച്ച ആ അവസരങ്ങൾ മികച്ച രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞതോടെയാണ് ഇന്ത്യൻ ടീമിന്റെ സ്ഥിരം ഓപ്പണറുടെ റോളിലേക്ക് എത്താൻ സാധിച്ചതെന്നും, അതിനെ തന്റെ കരിയറിലെ വലിയ അനുഗ്രഹമായാണ് കാണുന്നതെന്നും സഞ്ജു പറഞ്ഞു.

ഇന്ത്യൻ ജേഴ്‌സിയോടുള്ള ആവേശം

തനിക്കു തുടർച്ചയായ അവസരങ്ങൾ ലഭിക്കുന്നില്ലെന്ന വിമർശനങ്ങൾ കേൾക്കാറുണ്ടെങ്കിലും, അതിലും ഒരു പോസിറ്റീവ് വശമുണ്ടെന്ന് സഞ്ജു ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര ക്രിക്കറ്റിൽ പത്ത് വർഷം പിന്നിട്ടിട്ടും ഇന്ത്യൻ ജേഴ്‌സി അണിയുമ്പോൾ ഇന്നും ഒരു പ്രത്യേക വികാരം തോന്നുന്നുവെന്നും, അതാണ് തന്റെ ഉള്ളിലെ പോരാട്ടവീര്യത്തെ എപ്പോഴും ജ്വലിപ്പിച്ചു നിർത്തുന്നതെന്നും സഞ്ജു കൂട്ടിച്ചേർത്തു. ‘അതിനാൽ തന്നെ, ഞാൻ എന്നെ ഭാഗ്യവാനായി തന്നെയാണ് കാണുന്നത്,’ എന്ന് ആത്മവിശ്വാസത്തോടെ സഞ്ജു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here