ഇറ്റനഗർ: അരുണാചൽ പ്രദേശിലെ തവാങ് ജില്ലയിലെ തണുത്തുറഞ്ഞ സേല തടാകത്തിൽ മലയാളി യുവാക്കൾ മുങ്ങിമരിച്ചു. ഇന്നലെയായിരുന്നു അപകടം. മരിച്ചവരിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു, മറ്റൊരാൾക്കായി തിരച്ചിൽ തുടരുകയാണ്. നെടുമ്പന പുത്തന്‍ചന്ത മേലൂട്ട് വീട്ടില്‍ പ്രകാശിന്റെയും മഞ്ജുവിന്റെയും മകന് വിനു പ്രകാശ് (26) ആണ് മരിച്ചത്. മലപ്പുറം വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശിമാധവ് എം (24) നെ ഇപ്പോഴും കാണാനില്ല. കൊല്ലത്തുനിന്നും മലപ്പുറത്തുനിന്നും ഗുവാഹത്തി വഴി തവാങ്ങിലെത്തിയ ഏഴ് അംഗ വിനോദസഞ്ചാര സംഘത്തിലെ അംഗങ്ങളായിരുന്നു ഇവർ എന്ന് പോലീസ് സൂപ്രണ്ട് ഡി ഡബ്ല്യു തോങ്കോൺ പറഞ്ഞു.
ഐസ് പാളികള്‍ മൂടിയ സേല തടാകത്തിന് മുകളിലൂടെ നടന്നപ്പോള്‍ പാളികള്‍ തകര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് വിവരം. തടാകത്തിലേക്ക് ഇറങ്ങരുതെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് സംഘം ഇറങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. അപകടം നടന്നയുടന്‍ സൈന്യവും പൊലീസും ചേര്‍ന്ന് അഞ്ചുപേരെ രക്ഷപ്പെടുത്തി. താപനില മൈനസ് ഡിഗ്രിയില്‍ ഉള്‍പ്പെടെ കാലാവസ്ഥ പ്രതികൂല സാഹചര്യമായതിനാല്‍ വെള്ളിയാഴ്ച വൈകിട്ടോടെ കാണാതെയായയാള്‍ക്കുള്ള തിരച്ചില്‍ നിര്‍ത്തിവച്ചു.
ബുധനാഴ്ച നെടുമ്പാശേരിയില്‍നിന്നാണ് സംഘം യാത്ര തിരിച്ചത്. 23ന് തിരിച്ചുവരാവുന്ന രീതിയിലാണ് യാത്ര നിശ്ചയിച്ചിരുന്നത്. കൊട്ടിയത്തെ ടൊയോട്ട മോട്ടേഴ്സില്‍ ജീവനക്കാരനാണ് മരിച്ച വിനു. മൃതദേഹം അരുണാചലിൽനിന്ന് നാട്ടിലെത്തിക്കും. സേല തടാകത്തിലും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും, തണുത്തുറഞ്ഞ തടാകങ്ങളിൽ നടക്കരുതെന്നും സന്ദർശകരോട് നിർദ്ദേശിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. മഞ്ഞുപാളികൾ അസ്ഥിരവും മനുഷ്യന്റെ ഭാരം താങ്ങാൻ കഴിയാത്തതുമാകാമെന്നും തണുത്തുറഞ്ഞ ജലാശയങ്ങൾ സുരക്ഷിതമല്ലെന്നും വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് ജില്ലാ ഭരണകൂടം ഡിസംബറിൽ ഒരു ഉപദേശം നൽകിയിരുന്നു.
13,000 അടിയിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സേല തടാകം ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാണ്, പക്ഷേ കടുത്ത തണുപ്പും ദുർബലമായ മഞ്ഞുമൂടിയതും കാരണം ശൈത്യകാലത്ത് ഗുരുതരമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്നു.

