സൗദി അറേബ്യയിലെസൗദ കൊടുമുടികളിൽ അയ്യായിരത്തോളം വർഷം പഴക്കമുള്ള ശിലാലിഖിതങ്ങൾ കണ്ടെത്തി

ഒരുകാലത്ത് ഈ പ്രദേശത്ത് വസിച്ചിരുന്ന പുരാതന സമൂഹങ്ങളുടെ പാരിസ്ഥിതികവും സാമൂഹികവുമായ ആചാരങ്ങളെ ഈ പ്രാചീന ശിലാചിത്രങ്ങളും, ശിലാലിഖിതങ്ങളും പ്രതിഫലിപ്പിക്കുന്നു

0

റിയാദ് : സൗദ കൊടുമുടികളിൽ അയ്യായിരത്തോളം വർഷം പഴക്കമുള്ള പ്രാചീന ശിലാലിഖിതങ്ങൾ കണ്ടെത്തിയതായി സൗദി ഹെറിറ്റേജ് കമ്മീഷൻ അറിയിച്ചു. ജനുവരി 14-നാണ് സൗദി പ്രസ്സ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദ ഡെവലപ്‌മെന്റ് എന്ന പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് കമ്പനിയുമായി ചേർന്നാണ് സൗദി ഹെറിറ്റേജ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്. സൗദ കൊടുമുടികളുടെ സമീപപ്രദേശങ്ങളിൽ നിന്ന് പ്രാചീന ശിലാചിത്രങ്ങളുള്ള ഇരുപത് പ്രദേശങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

സൗദയിലും റിജാൽ അൽമയുടെ ചില ഭാഗങ്ങളിലുമായി 636.5 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ള ഈ പദ്ധതി പ്രദേശം ഇപ്പോൾ മേഖലയിലെ ഏറ്റവും പഴക്കമേറിയ സാംസ്കാരിക അടയാളങ്ങളുടെ ആസ്ഥാനമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഈ മേഖലയിൽ നിന്ന് 4000 മുതൽ 5000 വർഷം വരെ പഴക്കമുള്ള പ്രാചീന ശിലാചിത്രങ്ങളും, ശിലാലിഖിതങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ഈ പ്രദേശത്തിന്റെ സമ്പന്നമായ നാഗരിക, സാംസ്കാരിക ചരിത്രത്തെക്കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ വാഗ്ദാനം ചെയ്യുന്നതാണ് ഈ കണ്ടെത്തൽ.തമൂദിക് ലിഖിതങ്ങൾക്കൊപ്പം ഐബെക്സ്, കഴുതപ്പുലികൾ, ഒട്ടകപ്പക്ഷികൾ എന്നിവയുടെ ഉജ്ജ്വലമായ ചിത്രീകരണങ്ങൾ, വേട്ടക്കാർ, നർത്തകർ, ഈന്തപ്പനകൾ, ആയുധങ്ങൾ എന്നിവയുടെ ദൃശ്യങ്ങൾ തുടങ്ങിയവ ഈ മേഖലയിൽ നിന്നുള്ള കണ്ടെത്തലുകളിൽ ഉൾപ്പെടുന്നു.

ഒരുകാലത്ത് ഈ പ്രദേശത്ത് വസിച്ചിരുന്ന പുരാതന സമൂഹങ്ങളുടെ പാരിസ്ഥിതികവും സാമൂഹികവുമായ ആചാരങ്ങളെ ഈ പ്രാചീന ശിലാചിത്രങ്ങളും, ശിലാലിഖിതങ്ങളും പ്രതിഫലിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here