‘
കണ്ണൂര്‍: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ലൈംഗിക വൈകൃത കുറ്റവാളികളെ ‘വെൽ ഡ്രാഫ്റ്റഡ്’ എന്ന് പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിച്ചാൽ പൊതുസമൂഹം അംഗീകരിക്കില്ലെന്നും ഇപ്പോള്‍ വന്നതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങള്‍ ഇനിയും പുറത്തുവന്നേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട കെപിസിസി സണ്ണി ജോസഫിന്‍റെ പ്രതികരണത്തിലാണ് കോൺഗ്രസിനെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. കോണ്‍ഗ്രസിലെ സ്ത്രീ ലമ്പടന്മാര്‍ എന്താണ് കാട്ടിക്കൂട്ടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. കോണ്‍ഗ്രസിനടക്കം ലഭിച്ച പരാതികളിൽ ഇരയായ ആളുകള്‍ പങ്കുവെച്ച ആശങ്കകള്‍ പരിശോധിച്ചാൽ അവരെ കൊന്നു തള്ളുമെന്ന ഭീഷണിയാണ് ഉയര്‍ത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ യഥാർത്ഥത്തിൽ നടന്ന കാര്യങ്ങൾ തുറന്നു പറയാൻ പലർക്കും ഭയമാണ്. ഇപ്പോൾ പുറത്തുവന്നിട്ടുള്ളതിനേക്കാളും കൂടുതൽ കാര്യങ്ങൾ ഇനിയും പുറത്തുവന്നേക്കാം എന്നും മുഖ്യമന്ത്രി പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിൽ യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞത് യുഡിഎഫിന്‍റെ നിലപാടായിട്ടേ കാണാൻ കഴിയൂ. നാടും സർക്കാരും അതിജീവിതയോടൊപ്പമാണ് അത് എല്ലായ്‌പ്പോഴും അങ്ങനെ തന്നെയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗ പരാതിയിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്നലെ സംശയം ഉന്നയിച്ചിരുന്നു. ‘വെൽ ഡ്രാഫ്റ്റഡ്’ പരാതിയായിരുന്നുവെന്നും അതിന് പിന്നിൽ ലീഗൽ ബ്രെയിനുണ്ടെന്നും അതിന്‍റെ ഉദ്ദേശം അറിയാമെന്നുമായിരുന്നു സണ്ണി ജോസഫിന്‍റെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് ചോദ്യങ്ങളോട് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
വോട്ടു ചെയ്യാനെത്തിയ ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. കണ്ണൂര്‍ പിണറായി പഞ്ചായത്തിലെ കാട്ടിലെപീടിക ചേരിക്കൽ ജൂനിയര്‍ ബേസിക് സ്കൂളില്‍ ആണ് മുഖ്യമന്ത്രി കുടുംബത്തോടൊപ്പം വോട്ട് ചെയ്യാനെത്തിയതും വോട്ട് രേഖപ്പെടുത്തിയതും. തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എൽഡിഎഫിന് ചരിത്ര വിജയം സമ്മാനിക്കുമെന്ന പ്രതീക്ഷയാണുള്ളത് എന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിന്‍റെ മേഖലയിലടക്കം എൽഡിഎഫ് അനുകൂല തരംഗമുണ്ടാകും. മികവാര്‍ന്ന വിജയത്തിലേക്ക് എൽഡിഎഫ് കുതിക്കുന്ന കാഴ്ചയായിരിക്കും ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകുക എന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ എൽഡിഎഫ് നല്ല ആത്മവിശ്വാസത്തോടെയാണ് നേരിട്ടത്. രണ്ടു ഘട്ടങ്ങളിലെയും തെരഞ്ഞെടുപ്പ് ഇന്നത്തോടെ പൂര്‍ത്തിയാവുകയാണ്. എൽഡിഎഫിന് വലിയതോതിലുള്ള പിന്തുണ ജനങ്ങളിൽ നിന്നും ലഭിക്കുന്നുവെന്നതാണ് പ്രചാരണത്തിലൂടെ വ്യക്തമായത്.
ശബരിമലയുടെ കാര്യത്തിൽ നടക്കാൻ പാടില്ലാത്തത് നടന്നുവെന്നത് സത്യമാണ്. എന്നാൽ വിഷയത്തിൽ സർക്കാർ കര്‍ശന നിലാപാട് സ്വീകരിച്ചിട്ടുമുണ്ട്. ഈ സര്‍ക്കാര്‍ അല്ലായിരുന്നെങ്കിൽ ഇത്തരമൊരു നടപടിയുണ്ടാകില്ലെന്ന് വിശ്വാസികള്‍ക്കടക്കം വ്യക്തമായി. വിശ്വാസികള്‍ക്ക് അടക്കം ഇക്കാര്യത്തിൽ സര്‍ക്കാരിന് പിന്തുണ നൽകുന്നുണ്ട്. എന്നാൽ, യുഡിഎഫും ബിജെപിയും സര്‍ക്കാരിനെതിരായ ആയുധമാക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയെ മുസ്ലിം പൊതുജനങ്ങള്‍ തള്ളിയ സംഘടനയാണ്. മുസ്ലിം പൊതുജനങ്ങളെ യുഡിഎഫിന് അനുകൂലമാക്കുന്നതിനാണ് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടിയതെങ്കിൽ അതൊന്നും ഈ തെരഞ്ഞെടുപ്പിൽ യഥാര്‍ഥ്യമാകില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

