റഷ്യൻ മുങ്ങിക്കപ്പലിനെ കടൽ ഡ്രോൺ ഉപയോഗിച്ച് തകർത്ത് യുക്രൈൻ; ലോകത്ത് ആദ്യ സംഭവം

0

കീവ്: റഷ്യൻ മുങ്ങിക്കപ്പലിനെ കടൽ ഡ്രോൺ ഉപയോഗിച്ച് തകർത്തെന്ന അവകാശവാദവുമായി യുക്രെയ്ൻ. കരിങ്കടൽ തീരത്ത് നങ്കൂരമിട്ടിരുന്ന റഷ്യൻ മുങ്ങിക്കപ്പലിനെയാണ് യുക്രൈൻ ആക്രമിച്ചത്. റഷ്യൻ നാവിക ശക്തികേന്ദ്രമായ നോവോറോസിസ്കിലെ നാവികത്താവളത്തിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങളും യുക്രൈൻ പുറത്തുവിട്ടു. ലോകത്ത് ആദ്യമായാണ് ഒരു മുങ്ങിക്കപ്പൽ കടൽ ഡ്രോൺ ഉപയോ​ഗിച്ച് തകർക്കുന്നത്.

ആക്രമണം നടന്നതായി റഷ്യ സ്ഥിരീകരിച്ചെങ്കിലും, മുങ്ങിക്കപ്പലിന് ഗുരുതര നാശനഷ്ടമുണ്ടായിട്ടില്ലെന്ന നിലപാടിലാണ് മോസ്കോ. യുക്രെയ്ൻ ഉപയോഗിച്ചതായി പറയുന്നത് ‘സബ് സീ ബേബി’ എന്ന രഹസ്യ ഡ്രോണാണ്. റഷ്യൻ അധിനിവേശത്തിന് ശേഷം വികസിപ്പിച്ച ഈ ഡ്രോണിന്റെ നിയന്ത്രണം യുക്രെയ്ൻ സ്റ്റേറ്റ് സെക്യൂരിറ്റി സർവീസിനാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിന്റെ സാങ്കേതിക വിവരങ്ങൾ പരിമിതമായതേയുള്ളൂ.

ആക്രമണത്തിന് ഇരയായത് വർഷവ്യാങ്ക ക്ലാസിൽപ്പെട്ട റഷ്യൻ മുങ്ങിക്കപ്പലാണെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു. ഏകദേശം 52 നാവികർ കപ്പലിലുണ്ടായിരുന്നതായാണ് സൂചന. 73.8 മീറ്റർ നീളമുള്ള ഈ മുങ്ങിക്കപ്പലിന്റെ വില ഏകദേശം 40 കോടി യുഎസ് ഡോളറാണ്.

റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ കടൽ ഡ്രോൺ ആക്രമണങ്ങൾ പ്രധാന തന്ത്രമായി മാറുകയാണെന്ന് വിലയിരുത്തപ്പെടുന്നു. ‘സീ ബേബി’ ഡ്രോണുകൾക്കൊപ്പം ടൊലോക ടി.എൽ.കെ–150, ടി.എൽ.കെ–1000 എന്നീ കടൽ ഡ്രോണുകളും യുക്രെയ്‌നിന് നിലവിലുണ്ട്. ടി.എൽ.കെ–150 ഡ്രോണിന് 50 കിലോഗ്രാം സ്ഫോടകവസ്തു വഹിക്കാനാകുമ്പോൾ, ടി.എൽ.കെ–1000-ന് 5000 കിലോഗ്രാം വരെ വഹിക്കാനുള്ള ശേഷിയുണ്ടെന്നാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here