ലോകത്ത് ഏറ്റവും നീളമുള്ള നാക്കുള്ള നായ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് യുഎസിലെ ഒക്‌ലഹോമയിലെ ഒരു കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഓസി എന്ന വളർത്തുനായ. ഓസിയുടെ നാവിന് 7.83 ഇഞ്ച് നീളമാണുള്ളത്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചതിനെ പിന്നാലെ നാവിന്റെ നീളത്തിൽ ഓസി ഗിന്നസ് ലോക റെക്കോർഡ് നേടുകയും ചെയ്തു. ഏഞ്ജല പിക്കിന്റെയും കുടുംബത്തിന്റെയും നായയായ ഓസി ഫ്രഞ്ച് മാസ്റ്റിഫ്, ബുൾ മാസ്റ്റിഫ് സങ്കരയിനത്തിൽപ്പെട്ടതാണ്. മുൻപ് നാവിന്റെ നീളത്തിൽ റെക്കോർഡ് നേടിയ റോക്കി എന്ന നായയെ പിന്തള്ളിക്കൊണ്ടാണ് ഓസി ഈ നേട്ടം കൈവരിച്ചത്. 2023 ൽ 5.46 ഇഞ്ച് നീളമുള്ള നാവുമായി ഇലിനോയിയിലെ ബ്ലൂമിങ്ടണിൽ നിന്നുള്ള റോക്കി റെക്കോർഡ് ഇട്ടിരുന്നു. ഈ റെക്കോർഡാണ് ഇപ്പോൾ ഓസി തകർത്തിരിക്കുന്നത്.
ജനിച്ചപ്പോൾ മുതൽ ഓസിയുടെ നാവ് വായിൽ നിന്ന് പുറത്തേക്ക് തൂങ്ങിക്കിടക്കുമായിരുന്നെന്ന് ഉടമ ഏഞ്ജല പറഞ്ഞു. ഇതൊരു ആരോഗ്യ പ്രശ്നാമാകുമോ എന്നുകരുതി പലതവണ മൃഗഡോക്ടറെ കാണിച്ചിട്ടുണ്ട്. എന്നാൽ അസാധാരണ നീളമുള്ള നാക്ക് കാരണം ഒസിയുടെ പല്ലിനോ മോണയ്‌ക്കോ പ്രശ്‌നങ്ങളുമില്ല, ആരോഗ്യപരമായി കുഴപ്പവുമില്ല. മാത്രമല്ല ഓസി അധികം ഉമിനീർ ഒലിപ്പിക്കാറില്ലെന്നും ഏഞ്ജല പറയുന്നു. ഇത്രയും നീളമുള്ള നാവുണ്ടായിട്ടും സാധാരണ നായ്ക്കളെപ്പോലെ ഓസി നക്കി സ്നേഹം പ്രകടിപ്പിക്കാറുമില്ല. പകരം മുഖത്തോട് മുഖം ചേർന്ന് മൂക്കുകൾ തമ്മിൽ ഉരസിയാണ് സ്നേഹം കാണിക്കുന്നത്.
നായകളുടെ കാര്യമെടുത്താൽ അവയുടെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് നാക്ക്. രുചിയറിയാനും ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ശരീരം വൃത്തിയാക്കാനും കിതപ്പിലൂടെ ശരീരം തണുപ്പിക്കാനും ഇത് സഹായിക്കുന്നു. നാക്കിന്റെ മുകൾഭാഗത്ത് പാപ്പില്ലകൾ എന്നറിയപ്പെടുന്ന ചെറിയ മുഴകൾ കാണാം. ഇവയിൽ ചിലത് രുചിമുകുളങ്ങളെ വഹിക്കുമ്പോൾ, മറ്റു ചിലത് ഭക്ഷണം പിടിച്ചെടുക്കാനും വായിലൂടെ നീക്കാനും സഹായിക്കും. ധാരാളം രക്തക്കുഴലുകളും നാഡികളുമുള്ളതിനാൽ നായ്ക്കളുടെ നാക്കിന് ഉയർന്ന സംവേദനക്ഷമതയുണ്ട്. മുറിവുകൾ സംഭവിച്ചാൽ വേഗത്തിൽ സുഖം പ്രാപിക്കാനും ഈ പ്രത്യേകത സഹായിക്കും. കിതയ്ക്കുമ്പോൾ, നനഞ്ഞ നാക്ക് പുറത്തേക്ക് തൂക്കിയിടുന്നതിലൂടെ ഉമിനീരിനും ഈർപ്പത്തിനും ബാഷ്പീകരിക്കാൻ വലിയൊരു പ്രതലം ലഭിക്കുന്നു. ഇത് ശരീരത്തിലെ അധിക ചൂട് പുറന്തള്ളി താപനില നിയന്ത്രിക്കും.
നായയുടെ ആരോഗ്യ പ്രശ് നങ്ങൾ ഒരു പരിധിവരെ നാവിൽ നോക്കി കണ്ടെത്താൻ കഴിയും. നന്നായി രക്തയോട്ടമുള്ളതിനാൽ ഭൂരിഭാഗം നായ്ക്കളുടെയും നാക്കിന് ഇളംചുവപ്പ് (പിങ്ക്) നിറമായിരിക്കും. എന്നാൽ, ചൗ ചൗ, ഷാർ പേയ് തുടങ്ങിയ ചിലയിനം നായ്ക്കൾക്ക് ജന്മനാ നീല കലർന്ന കറുപ്പ് നിറത്തിലുള്ള നാക്കാണ് ഉണ്ടാകുക. നാക്കിന്റെ നിറം പെട്ടെന്ന് മാറിയാൽ അത് ആരോഗ്യ പ്രശനങ്ങൾ ഉണ്ടെന്നുള്ളതിന്റെ സൂചനയാണ്. നാക്കിന്റെ നിറം പെട്ടെന്ന് വിളറുകയോ, വെള്ളനിറമാവുകയോ, കടുംചുവപ്പ് അല്ലെങ്കിൽ നീല നിറത്തിലേക്ക് മാറുകയോ ചെയ്യുന്നത് വിളർച്ച (അനീമിയ), ശരീരത്തിൽ ഓക്സിജന്റെ കുറവ് തുടങ്ങിയവ മൂലമാകാം.

