തിരുവനന്തപുരം: കിളിമാനൂർ തൊളിക്കുഴിയിൽ വൻ ചന്ദനവേട്ട. കാറിൽ കടത്തിയ 45 കിലോ ചന്ദനം പിടികൂടി.
സംഭവത്തിൽ രണ്ടു പേർ പിടിയിലായി. ഇട്ടിവ മണൽവെട്ടം കോഴിയോട് കളിയിലിൽ വീട്ടിൽ നവാസ് (45), ചിറയിൻകീഴ് മുദാക്കൽ ഊരുപൊയ്ക പ്രമീളാലയത്തിൽ പ്രമോദ് (50) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചാക്കിൽ കെട്ടിയ നിലയിൽ ചെറിയ കഷണങ്ങളായി മുറിച്ച നിലയിലായിരുന്നു ചന്ദനത്തടി കണ്ടെത്തിയത്.
ഇവർചന്ദനം കടത്താൻ ഉപയോഗിച്ച KL 16 F 4348 നമ്പർ മാരുതി ആൾട്ടോ കാറും പിടികൂടി. ചന്ദനം പ്രമോദിന് വിറ്റ പെരിങ്ങാവ് സ്വദേശി നജാം, ഇടനിലക്കാരനായ കാഞ്ഞിരത്തുംമൂട് സ്വദേശി വിഷ്ണു എന്നിവർ ഒളിവിലാണ്. നജാമിന്റെ ഉടമസ്ഥതയിലുള്ള കോഴി ഫാമിൽ രണ്ടു ചാക്കുകളിലാക്കി കഴിഞ്ഞ ഒരു മാസമായി സൂക്ഷിച്ചിരുന്ന ചന്ദനം കാറിൽ കയറ്റി കടത്താൻ ശ്രമിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം വനം വകുപ്പ് നടത്തിയ പരിശോധനയിൽ ഇവർ പിടിയിലായത്.
ആറ്റിങ്ങൽ, വർക്കല, പാരിപ്പള്ളി, പള്ളിക്കൽ, കിളിമാനൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ചന്ദന കള്ളക്കടത്ത് വ്യാപകമാണ്. ഇവിടം കേന്ദ്രീകരിച്ച് 5 കേസുകളിലായി 10 പേരെ വനം വകുപ്പ് പിടികൂടിയിട്ടുണ്ട്. പാലോട് റേഞ്ച് ഓഫീസർ വിപിൻ ചന്ദ്രന്റെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ സന്തോഷ്, ഷിബു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ നജിം, നാഗരാജ്, രാജേഷ്, സൂര്യ, ദേവിക എന്നിവരാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി. മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണെന്ന് വനം വകുപ്പ് അറിയിച്ചു.
മറ്റൊരു സംഭവത്തിൽ ഇന്നലെ തൃശൂരിൽ വിൽപ്പനയ്ക്കായി ചെത്തിയൊരുക്കി വീട്ടില്‍ സൂക്ഷിച്ച 60 കിലോ ചന്ദനത്തടികൾ വനംവകുപ്പ് പിടികൂടി. വനം ഡിവിഷന്‍ പട്ടിക്കാട് റേഞ്ച് മാന്ദമംഗലം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വെട്ടുകാട് ഭാഗത്ത് പുത്തന്‍കാട് ദേശത്ത് കരിപ്പാശ്ശേരി 72 കാരനായ രാഘവന്റെ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ചന്ദന മരത്തടികളാണ് പിടിച്ചെടുത്തത്. മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും ചേർന്ന് പിടികൂടിയ ചന്ദന തടികള്‍ വില്‍പ്പന നടത്തുന്നതിനുവേണ്ടി തൊലി ചെത്തി ഒരുക്കിയ നിലയിലായിരുന്നു.
മാന്ദാമംഗലം ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഷാജഹാന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ( ഗ്രേഡ്) സജീവ് കുമാര്‍, രാജേഷ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ഗ്രേഡ്) ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ടി.യു. രാജകുമാര്‍, ദീപു കെ.വി, ഷിജു കെ.എസ്, രാഹുല്‍ ശങ്കര്‍, ബിജേഷ് ങആ, അനില്‍കുമാര്‍ കെ.എസ്. എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

