ന്യൂഡൽഹി: ഇന്ത്യന വിദ്യാർത്ഥികൾക്കായി 2026–27 അധ്യയന വർഷത്തേക്കുള്ള സ്കോളർഷിപ്പ് പദ്ധതിയിലേക്ക് റഷ്യൻ സർക്കാർ അപേക്ഷകൾ ക്ഷണിച്ചു. വിവിധ വിഷയങ്ങളിൽ റഷ്യയിലെ മുൻനിര സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഈ പദ്ധതി മികച്ച അവസരമായിരിക്കും. മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ്, കസാൻ, വ്ളാഡിവോസ്റ്റോക്ക്, കലിനിൻഗ്രാഡ് ഉൾപ്പെടെ റഷ്യയിലെ വിവിധ നഗരങ്ങളിലുള്ള സർവകലാശാലകളിലാണ് പഠനാവസരം.
വൈദ്യശാസ്ത്ര രംഗത്തെ നിരവധി കോഴ്സുകൾ ഇംഗ്ലീഷ് മാധ്യമത്തിലാണെന്ന് റഷ്യൻ ഭരണകൂടം അറിയിച്ചു. അതിനാൽ പ്രവേശന സമയത്ത് റഷ്യൻ ഭാഷാ പരിജ്ഞാനം നിർബന്ധമല്ല. എന്നാൽ റഷ്യൻ ഭാഷ പഠിക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് പ്രധാന കോഴ്സ് ആരംഭിക്കുന്നതിന് മുമ്പ് ഒരു വർഷത്തെ പ്രിപ്പറേറ്ററി ഭാഷാ കോഴ്സ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്.
സ്കോളർഷിപ്പിനുള്ള അപേക്ഷാ നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ബാച്ചിലേഴ്സ്, സ്പെഷ്യലിസ്റ്റ്, മാസ്റ്റേഴ്സ്, എംഫിൽ, അഡ്വാൻസ്ഡ് ട്രെയിനിംഗ് തുടങ്ങിയ എല്ലാ അക്കാദമിക് തലങ്ങളിലും സ്കോളർഷിപ്പ് ലഭ്യമാകും. മെഡിസിൻ, ഫാർമസി, എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ, കൃഷി, സാമ്പത്തിക ശാസ്ത്രം, മാനേജ്മെന്റ്, മാനവികശാസ്ത്രം, ഗണിതം, സാമൂഹികശാസ്ത്രം, വ്യോമയാനം, ബഹിരാകാശ പഠനം, കായികം, കല തുടങ്ങിയ നിരവധി വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാനാകും.
ഈ സ്കോളർഷിപ്പിനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പ്രവേശന പരീക്ഷകൾ ഉണ്ടായിരിക്കുകയില്ലെന്നും അധികൃതർ വ്യക്തമാക്കി. പകരം, ഉദ്യോഗാർത്ഥികളുടെ മുൻകാല അക്കാദമിക് നേട്ടങ്ങളും പോർട്ട്ഫോളിയോയും പരിശോധിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഗവേഷണ പ്രബന്ധങ്ങൾ, ശുപാർശ കത്തുകൾ, ദേശീയ-അന്തർദേശീയ തലത്തിലുള്ള മത്സര സർട്ടിഫിക്കറ്റുകൾ, ഒളിമ്പ്യാഡുകൾ, മറ്റ് മികവ് തെളിയിക്കുന്ന രേഖകൾ എന്നിവ പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്തുന്നത് തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കും.
ഈ സ്കോളർഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നവർക്ക് അവരുടെ താല്പര്യപ്രകാരം ആറ് സർവകലാശാലകൾ വരെ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കാം. എന്നാൽ അന്തിമ പ്രവേശനം സർവകലാശാലകളുടെ മൂല്യനിർണ്ണയത്തിനും സീറ്റുകളുടെ ലഭ്യതയ്ക്കും വിധേയമായിരിക്കും. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തുന്നത്. ജനുവരി 15 വരെ നീണ്ടുനിൽക്കുന്ന ആദ്യ ഘട്ടത്തിൽ ഡോക്യുമെന്റ് വെരിഫിക്കേഷനും പ്രാഥമിക ഷോർട്ട്ലിസ്റ്റിംഗും ഉൾപ്പെടുന്നു. രണ്ടാം ഘട്ടത്തിൽ, റഷ്യൻ ശാസ്ത്ര-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സർവകലാശാലകളുമായി ചേർന്ന് വിദ്യാർത്ഥികൾക്ക് സ്ഥാപനങ്ങൾ അനുവദിക്കുകയും വിസ നടപടികൾ പൂർത്തിയാക്കുകയും ചെയ്യും. യോഗ്യതാ മാനദണ്ഡങ്ങൾ വിശദമായി പരിശോധിക്കുന്നതിനും പുതിയ അപ്ഡേറ്റുകൾക്കുമായി ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണമെന്ന് അധികൃതർ അറിയിച്ചു.

