തൃശൂര്‍: നടപ്പാതയില്‍ മലമൂത്ര വിസര്‍ജനം നടത്തിയത് ചോദ്യം ചെയ്തതിന്റെ പേരിൽ 66 വയസുകാരനെ ക്രൂരമായി തല്ലിച്ചതച്ചു. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വഴിയോരക്കചച്ചവടം നടത്തുന്ന ആൾക്ക് നേരെയായിരുന്നു ആക്രമണം. ഇരുമ്പ് പൈപ്പ് കൊണ്ടുള്ള അടിയേറ്റ് വയോധികന്റെ ഇടതുകൈയുടെ എല്ല് പൊട്ടി. മാത്രമല്ല ഇദ്ദേഹത്തിന്റെ കടയും അക്രമി അടിച്ചുതകർത്തു. വടക്കേ നടയില്‍ മാഞ്ചിറ റോഡില്‍ ഏഴു വര്‍ഷത്തോളമായി മുല്ലപ്പൂവും പൂജാ സാധനങ്ങളും വിൽപ്പന നടത്തുന്ന ചാവക്കാട് തിരുവത്ര ചീരമ്പത്ത് രാജേന്ദ്രനെയാണ് അക്രമി ഉപദ്രവിച്ചത്.
തെരുവിൽ കഴിയുന്ന ചില ആളുകൾ കഞ്ഞദിവസം നടപ്പാതയില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത് രാജേന്ദ്രൻ കാണുകയും ഇത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ തൊട്ടടുത്ത ദിവസം രാജേന്ദ്രന്റെ കട അതെ ആളുകൾ വിസര്‍ജ്യ വസ്തുക്കളാല്‍ മലിനമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതം രാജേന്ദ്രൻ പോലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു അക്രമണമെന്നാണ് രാജേന്ദ്രൻ പറയുന്നത്.
ഈ മാസം 12ന് പുലര്‍ച്ചെ മൂന്നുമണിയോടെ ആയിരുന്നു ആക്രമണം. ഇരുമ്പ് പൈപ്പുമായി എത്തിയ അക്രമി ഇദ്ദേഹത്തെ മർദിക്കുന്നതും കട അടിച്ച് തകർക്കുന്നതും സ്ഥലത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. എന്നിട്ടും സംഭവത്തിൽ പോലീസ് കേസെടുത്തില്ല. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയാണ് കാരണമായി പോലീസ് പറയുന്നത്. പക്ഷെ സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി ചർച്ചയായതോടെ പോലീസ് രാജേന്ദ്രനെ വിളിച്ചുവരുത്തുകയും ഇദ്ദേഹത്തിന്റെ മൊഴിയെടുക്കുകയും ചെയ്തു. ക്ഷേത്ര നടയിലെ തെരുവോരങ്ങളില്‍ കഴിയുന്നവര്‍ മാരകായുധങ്ങളുമായി ആക്രമണത്തിന് മുതിരുന്നതായി വ്യാപക പരാതി ഉയരുന്നുണ്ട്.

