ബംഗളൂരുവിൽ രാത്രിയിൽ ബിരിയാണി കഴിച്ച് മടങ്ങുകയായിരുന്ന നാല് എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ തട്ടിക്കൊണ്ട് പോയി ഒന്നര ലക്ഷം രൂപ കവർന്ന് കൊള്ള സംഘം, ഒരാൾ അറസ്റ്റിൽ

0

ബംഗളൂരു: ബംഗളൂരുവിൽ ഭക്ഷണശാലയിൽ നിന്ന് ബിരിയാണി കഴിച്ച് മടങ്ങുകയായിരുന്ന നാല് എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ തട്ടിക്കൊണ്ട് പോയി ഒന്നര ലക്ഷം രൂപ കവർച്ച ചെയ്തതായി പൊലീസ്. ഡിസംബർ 21 ന് പുലർച്ചെ ഹോസ്കോട്ടിലെ ഒരു ഭക്ഷണശാലയിൽ പോയി ഇരുചക്ര വാഹനങ്ങളിൽ മടങ്ങുമ്പോഴാണ് സംഭവം നടന്നതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്, കെ.ജി. ഹള്ളി സ്വദേശിയായ അർഫത്ത് അഹമ്മദ് (24) എന്നയാളാണ് പിടിയിലായത്.

പൊലീസ് പറയുന്നതനുസരിച്ച് നാല് വിദ്യാർഥികളെയാണ് 10-12 പേരടങ്ങുന്ന ഒരു സംഘം തട്ടിക്കൊണ്ടുപോയി കവർച്ച ചെയ്തത്. ടോൾ പ്ലാസയ്ക്ക് സമീപത്ത് വെച്ച് കൊള്ളസംഘം തടഞ്ഞുനിർത്തുകയും മർദിക്കുകയും മൊബൈൽ ഫോണുകളും ഇരുചക്രവാഹനങ്ങളും അപഹരിക്കുകയും ചെയ്തു. പണം ആവശ്യപ്പെട്ട് വിദ്യാർഥികളെ ബന്ദികളാക്കുകയും ചെയ്തു.

സംഘാംഗങ്ങൾ വിദ്യാർഥികളുടെ പക്കലുണ്ടായിരുന്ന 40,000 രൂപ കൈക്കലാക്കിയതായും ഫോൺപേ വഴി അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 1.10 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തതായും പൊലീസ് പറഞ്ഞു. ‘മെഡഹള്ളിക്ക് സമീപമുള്ള ഒരു ഷെഡിലേക്ക് വിദ്യാർഥികളെ കൊണ്ടുപോയി, അവിടെ നിന്ന് പണവും മൊബൈൽ ഫോണുകളും കൊള്ളയടിച്ചു.

പണം കിട്ടിയതിന് പിന്നാലെ വിദ്യാർഥികൾക്ക് അവരുടെ ഇരുചക്ര വാഹനങ്ങൾ പിന്നീട് തിരികെ നല്‍കുകയും ചെയ്തു. എന്നാല്‍ ആദ്യം വിദ്യാര്‍ഥികള്‍ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. സംഭവത്തെക്കുറിച്ച് പൊലീസ് അറിഞ്ഞ് അവരെ സമീപിച്ചതിന് ശേഷമാണ് പരാതി നല്‍കിയതെന്ന് ബെംഗളൂരു പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് പറഞ്ഞു.

വിദ്യാർത്ഥികളിൽ ഒരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, തട്ടിക്കൊണ്ടുപോകൽ, കവർച്ച എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം ആവലഹള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.
മറ്റുള്ള പരാതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here