തിരുവനന്തപുരം: ശബരിമലയിൽ നിന്നും പഞ്ചലോഹ വിഗ്രങ്ങൾ കടത്തിയെന്ന വെളിപ്പെടുത്തലിലും നിർണായക കണ്ടെത്തലുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). വിഗ്രഹങ്ങൾ വാങ്ങിയെന്ന് വിദേശ വ്യവസായി വെളിപ്പെടുത്തിയ ഡി. മണി എന്ന ചെന്നൈ സ്വദേശിയുടെ പങ്ക് എസ്ഐടി സ്ഥിരീകരിച്ചെന്നാണ് റിപ്പോർട്ട്. ദുബായിലെ വ്യവസായി നൽകിയ മൊഴിയിൽ പരാമർശിക്കുന്ന ഇയാളുമായി അടുപ്പമുള്ളവരെ ഫോണിൽ ബന്ധപ്പെട്ട അന്വേഷണ സംഘം, വിശദമായ ചോദ്യം ചെയ്യലിനായി ചെന്നൈയിലേക്ക് പോയിട്ടുണ്ട്.
ശബരിമലയിൽ നിന്നു നാല് പഞ്ചലോഹ വിഗ്രഹങ്ങൾ അനധികൃതമായി കടത്തിയതായും, അവ ഡി. മണി വാങ്ങിയതായുമാണ് വ്യവസായി എസ്ഐടിക്ക് നൽകിയ മൊഴി. കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഈ മൊഴി രേഖപ്പെടുത്തിയത്.
വ്യവസായി പറഞ്ഞതനുസരിച്ച് 2019–20 കാലയളവിലാണ് വിഗ്രഹങ്ങൾ കടത്തിയത്. ശബരിമല ഭരണസംവിധാനത്തിലെ ഒരു ഉന്നതന്റെ നേതൃത്വത്തിലായിരുന്നു ഇടപാട് നടന്നതെന്നും, രാജ്യാന്തര ശൃംഖലയാണ് ഇതിന് പിന്നിലെന്നുമാണ് ആരോപണം. ഇടനിലക്കാരനായി ഉണ്ണിക്കൃഷ്ണൻ പോറ്റി പ്രവർത്തിച്ചതായും, 2020 ഒക്ടോബർ 26ന് തിരുവനന്തപുരത്ത് വച്ച് പണമിടപാട് നടന്നതായും മൊഴിയിൽ പറയുന്നു. ഇടപാടിൽ ഡി. മണി, ഉണ്ണിക്കൃഷ്ണൻ പോറ്റി, ആ ഉന്നതൻ എന്നിവരാണ് പങ്കെടുത്തതെന്നും അവകാശപ്പെടുന്നു.
ഇതിനിടെ, മൊഴിയുടെ വിശ്വാസ്യത പരിശോധിക്കുന്ന ഘട്ടത്തിലാണ് എസ്ഐടി. തെളിവുകൾ ശേഖരിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

