തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ ഭരണ സമിതി ഉടൻ അധികാരത്തിലെത്തും. അടുത്ത മന്ത്രിസഭായോഗത്തില്‍ ആകും ഇതുസംബന്ധിച്ചുള്ള തീരുമാനമുണ്ടാകുക. ടികെ ദേവകുമാര്‍ പ്രസിഡന്‍റായേക്കുമെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം. ഹരിപ്പാട് മുൻ എംഎൽഎ ആയ ടികെ ദേവകുമാര്‍ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. നാളെ ചേരുന്ന നിര്‍ണായക സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിലാകും ഇതുസംബന്ധിച്ചുള്ള തീരുമാനങ്ങൾ എടുക്കുക. ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ബോര്‍ഡിനേയും പ്രതിക്കൂട്ടിലാക്കുന്ന വീഴ്ചകളിലേക്ക് ഹൈക്കോടതി വീണ്ടും വിരല്‍ചൂണ്ടിയതോടെയാണ് സര്‍ക്കാര്‍ മുന്‍ തീരുമാനം മാറ്റുന്നത്.
നിലവിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്ഡിന്റെ കാലാവധി നീട്ടേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ ധാരണ. ഈ സാഹചര്യത്തിൽ നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് അടക്കമുള്ള ബോര്‍ഡ് അംഗങ്ങള്‍ സ്ഥാനം ഒഴിയേണ്ടതായി വരും. ശബരിമല സ്വര്‍ണക്കൊള്ള കേസിന്‍റെ പശ്ചാത്തലത്തിൽ നിലവിലെ ഭരണസമിതിയുടെ കാലാവധി നീട്ടരുതെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. കാലാവധി നീട്ടാനുള്ള ഓഡിനന്‍സിൽ ഒപ്പിട്ടരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് കാലാവധി നീട്ടേണ്ടതില്ലെന്ന നിര്‍ണായക തീരുമാനം സർക്കാർ എടുക്കാൻ പോകുന്നത്. പുതിയ ഭരണസമിതിയെ സംബന്ധിച്ച് നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ധാരണയിലെത്തും.

