തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം തുടരുന്നതിനിടെ ചില നിർണായക വിവരങ്ങൾ പുറത്ത്. 2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിൽ ചെമ്പ് എന്ന പരാമർശമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ഉത്തരവിന്റെ പകർപ്പും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വർണം പൂശാനായി നൽകാനിറക്കിയ ഉത്തരവിലാണ് ചെമ്പ് എന്ന പരാമർശമുള്ളത്. പൊതിഞ്ഞ ചെമ്പുപാളികൾ മെയിന്റനൻസിന് നൽകാമെന്നാണ് ഉത്തരവിലുള്ളത്. 2024ൽ ദേവസ്വം സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ പകർപ്പാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
അതേസമയം, സ്വർണക്കൊള്ള കേസിൽ എസ്ഐടിയുടെ ശക്തമായ അന്വേഷണം നടക്കുന്നതിനിടെ കേസുമായി ബന്ധപ്പെട്ട രണ്ടാം കേസിൽ ഇന്നലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ശ്രീകോവിൽ കട്ടിളപ്പാളിയിലെ സ്വർണം കവർച്ച ചെയ്ത കേസിലാണ് അറസ്റ്റ്. റിമാൻഡിലുള്ള പ്രതിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണം സംഘം റാന്നി കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു നൽകും.
സന്നിധാനത്തെ ദ്വാരപാലശിൽപ്പങ്ങളുടെ പാളി കടത്തിയ കേസിൽ മാത്രമായിരുന്നു ഇതുവരെ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നുള്ളു. എന്നാൽ ഇന്ന് ഇയാളെ കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിലും അറസ്റ്റ് രേഖപ്പെടുത്തി. സ്വർണക്കൊള്ളകേസിൽ സംശയ നിഴലിലുള്ള കൽപേഷ്, വാസുദേവൻ, ഗോവർദ്ധൻ, സ്മാർട് ക്രിയേഷൻ സിഇഓ പങ്കജ് ഭണ്ഡാരി എന്നിവരെ എസ്ഐടി ചോദ്യം ചെയ്തിരുന്നു. എന്നാൽ വീണ്ടും വിളിപ്പിക്കുമെന്ന് വിളിച്ചറിയിച്ച് എല്ലാവരെയും വിട്ടയക്കുകയും ചെയ്തു. സന്നിധാനത്ത് നിന്നും കവർന്ന സ്വർണം ഇനിയും കണ്ടെത്താനുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ വാസുവിനെയും ചോദ്യം ചെയ്തു. എസ്പി ശശിധരന്റെ നേതൃത്വത്തിലാണ് എൻ വാസുവിനെ ചോദ്യം ചെയ്തത്. ശബരിമലയിലെ സ്വർണം പെൺകുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കുന്നത് സംബന്ധിച്ച് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇമെയിൽ സംബന്ധിച്ചായിരുന്നു പ്രധാന അന്വേഷണം.
2019 ഡിസംബർ ഒമ്പതിന് ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി വാസുവിന് അയച്ച ഇമെയിൽ അന്വേഷണത്തിന്റെ പ്രധാന ഭാഗമായാണ് വിലയിരുത്തുന്നത്. ദ്വാരപാലക ശിൽപങ്ങളുടെയും ശ്രീകോവിലിന്റെയും ജോലികൾ പൂർത്തിയായ ശേഷം സ്വർണം ബാക്കിയുണ്ടെന്നും, സഹായം ആവശ്യമുള്ള പെൺകുട്ടിയുടെ വിവാഹത്തിന് അത് ഉപയോഗിക്കാമോ എന്നായിരുന്നു ഇമെയിലിന്റെ ഉള്ളടക്കം.
“ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ അനുമതി തേടിയതല്ല, ഉപദേശം തേടിയതാണ് ആ ഇമെയിൽ. അത് സന്നിധാനത്തിലെ സ്വർണമാണെന്ന് കരുതാനാവില്ലായിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സ്വർണം ഉപയോഗിച്ചാണ് ദ്വാരപാലകശിൽപങ്ങൾ പൂശിയത്. അതിന്റെ ബാക്കി എങ്ങനെ ഉപയോഗിക്കണമെന്നത് ചോദിച്ചതായാണ് തോന്നിയത്.”- എൻ വാസു വ്യക്തമാക്കി.
ഇമെയിൽ പ്രിന്റ് എടുത്ത് ‘തിരുവാഭരണം കമ്മിഷണറുടെയും ശബരിമല എക്സിക്യൂട്ടീവ് ഓഫിസറുടെയും അഭിപ്രായം വാങ്ങുക’ എന്ന് കുറിച്ച് മുന്നോട്ട് അയച്ചതായും, പിന്നീട് കാര്യത്തിന്റെ പുരോഗതി അന്വേഷിച്ചിട്ടില്ലെന്നും വാസു വ്യക്തമാക്കി. വാസുവിന്റെ മുൻ പിഎ സുധീഷ് കുമാറിനെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് വാസുവിനെയും ചോദ്യം ചെയ്തത്.

