കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജനങ്ങളെ ഭയപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നടപടിയാണ് എസ്‌ഐആർ എന്ന് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. പ്രത്യേക തീവ്ര പരിഷ്കരണ (എസ്‌ഐആർ) നിയമത്തിനെതിരെ ചൊവ്വാഴ്ച തെരുവിലിറങ്ങാൻ ടിഎംസി പദ്ധതിയിടുന്നു. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന റാലി ഇന്നാണ്.
“എസ്‌ഐആർ പ്രഖ്യാപനത്തിനുശേഷം ആളുകളെ ഭയപ്പെടുത്തുന്ന രീതി അംഗീകരിക്കാനാവില്ല. നമുക്ക് ഇതിനകം ആറ് നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടു. ഈ മരണങ്ങൾക്ക് ആരാണ് ഉത്തരവാദി? ഇസിഐയാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കൈകളിൽ രക്തക്കറയുണ്ട്,” കൊൽക്കത്തയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ശ്രീ. ബാനർജി പറഞ്ഞു.
അതേസമയം അനന്തരവനും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അണിനിരക്കും. റെഡ് റോഡിലെ ബി ആര്‍ അംബേദ്കര്‍ പ്രതിമ മുതല്‍ ജോറാസങ്കോ താക്കുര്‍ബാരി വരെയാണ് റാലി. റാലിയില്‍ അണിനിരക്കുന്നതിന് പകരം എസ്‌ഐആര്‍ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ അതത് മണ്ഡലങ്ങളില്‍ തുടരണമെന്നാണ് മമതാ ബാനര്‍ജി മറ്റ് ജില്ലകളിലുള്ള മന്ത്രിമാരോടും എംഎല്‍എമാരോടും നിര്‍ദേശിച്ചിരിക്കുന്നത്.
‘റാലിയില്‍ പങ്കെടുക്കുന്നതിനായി കൊല്‍ക്കത്തയില്‍ എത്തേണ്ടതില്ലെന്നാണ് വിവിധ ജില്ലകളില്‍ നിന്നുള്ള ടിഎംസി നേതാക്കളെയും പ്രവര്‍ത്തകരെയും അറിയിച്ചത്. പകരം എസ്‌ഐആര്‍ ഫോം വിതരണം ചെയ്യുന്ന ബിഎല്‍ഒമാരെ അനുഗമിക്കാനാണ് നിര്‍ദേശം. കൊല്‍ക്കത്ത, ഹൗറ, നോര്‍ത്ത് 24 പര്‍ഗന്‍സ്, സൗത്ത് 24 പര്‍ഗന്‍സ് അടക്കമുള്ള സമീപ പ്രദേശങ്ങളിലെ നേതാക്കള്‍ റാലിയില്‍ അണിനിരക്കും’, അഭിഷേക് ബാനര്‍ജിയും കൊല്‍ക്കത്തയില്‍ പ്രതികരിച്ചു. എസ്‌ഐആറിന്റെ ഏതെങ്കിലും ഘട്ടത്തില്‍ സഹായം ആവശ്യമുള്ളവരെ സഹായിക്കുന്നതിനായി മുഴുവന്‍ വാര്‍ഡിലും ഹെല്‍പ് ഡസ്‌ക്കുകള്‍ സജ്ജമാക്കാനും തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എസ്‌ഐആര്‍ രണ്ടുപേരുടെ ജീവനെടുത്തെന്നും വോട്ടര്‍പട്ടികയില്‍ നിന്നും ഒരാളെപ്പോലും ഒഴിവാക്കാന്‍ അനുവദിക്കില്ലെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നിലപാട്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമബംഗാള്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍ ജയിലില്‍ അടക്കുമെന്ന് ബിഎല്‍ഒമാരെ സുവേന്ദു പരസ്യമായി ഭീഷണിപ്പെടുത്തിയെന്ന് ആരോപണം.
അതേസമയം ചൊവ്വാഴ്ച കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾ റാലി നടത്തുമ്പോൾ, എസ്‌ഐആറിനെ പിന്തുണച്ച് നോർത്ത് 24 പർഗാനാസിലെ പാനിഹതിയിൽ റാലി നടത്തുമെന്ന് ബിജെപി നേതാവ് പറഞ്ഞു. കൊൽക്കത്ത ഹൈക്കോടതി ചൊവ്വാഴ്ചയും ബുധനാഴ്ചയും പാനിഹതിയിലും പുർബ ബർധമാനിലും റാലികൾ നടത്താൻ ബിജെപിക്ക് അനുമതി നൽകി.

