ഡൽഹി: ചെങ്കോട്ട മെട്രോ സ്റ്റേഷന് പുറത്ത് ഉണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ സൈനിക തലത്തിൽ അഭൂതപൂർവ ജാഗ്രതാ നില പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണമോ അതിർത്തി സംഘർഷമോ ഉണ്ടാകാമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന്, രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും ‘റെഡ് അലർട്ട്’ പ്രഖ്യാപിച്ചതായി പാക് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു.
പാകിസ്ഥാൻ വ്യോമസേനയുടെ മുൻനിര താവളങ്ങളിൽ നിന്നുള്ള യുദ്ധവിമാനങ്ങളെ തൽസമയം പറക്കാൻ സജ്ജമാക്കാൻ ഉത്തരവിട്ടിട്ടുണ്ട്. വ്യോമ പ്രതിരോധ സംവിധാനങ്ങൾ പൂർണ്ണമായും സജീവമാക്കിയതായും, അതിർത്തി മേഖലകളിൽ റഡാർ നിരീക്ഷണം ശക്തിപ്പെടുത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കരസേന, നാവികസേന, വ്യോമസേന എന്നിവ ഉൾപ്പെടെ എല്ലാ സായുധ വിഭാഗങ്ങൾക്കും പാകിസ്ഥാനിലെ സെൻട്രൽ കമാൻഡ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏത് വിധത്തിലുള്ള അതിർത്തി തർക്കങ്ങളെയും അപ്രതീക്ഷിത സംഭവങ്ങളെയും നേരിടാൻ സജ്ജരാകണമെന്ന് നിർദ്ദേശം.
ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് പിന്നാലെ ഇന്ത്യയുടെ പ്രതികരണ സാധ്യതകളെക്കുറിച്ച് പാക് ഇന്റലിജൻസ് ഏജൻസികൾ ഉയർന്നതല വിലയിരുത്തൽ നടത്തുന്നുവെന്നാണ് സൂചന. ഇന്ത്യയിൽ നിന്നുള്ള മുൻകൂർ പ്രഹരമോ ഡ്രോൺ ആക്രമണമോ ഉണ്ടാകുമെന്ന ആശങ്കയെ തുടർന്ന് സർവീസ് അലർട്ട് നിലയിൽ പാകിസ്ഥാൻ മുഴുവൻ സൈന്യവും നിലയുറപ്പിച്ചിരിക്കുകയാണ്. അതേസമയം, ഇത് വെറും മുൻകരുതൽ നടപടിയാണ്, നിലവിൽ യാതൊരു ആക്രമണ ഭീഷണിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്നതാണ് സുരക്ഷാ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

