ഡൽഹിയിലെ ചെങ്കോട്ടക്ക് സമീപം നടന്ന ശക്തമായ സ്ഫോടനത്തിൽ ഒമ്പത് പേർ മരിക്കുകയും ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ, നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. നവംബർ 11-ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിന് മുന്നോടിയായി സംസ്ഥാനത്തുടനീളം സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തി. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം തുടങ്ങുന്നതിന് തലേന്നാണ് ഈ സ്ഫോടനം സംഭവിച്ചത്.
ബിഹാർ ഡയറക്ടർ ജനറൽ ഓഫ് പോലീസ് വിനയ് കുമാർ അറിയിച്ചതനുസരിച്ച്: “ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബിഹാറിലുടനീളം അതീവ സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ഏരിയ ഡൊമിനേഷൻ പട്രോളിങ്ങും തിരച്ചിലും ശക്തമാക്കി. ദേശവിരുദ്ധ ശക്തികളുടെ ഏത് വിധത്തിലുള്ള ശ്രമങ്ങളെയും തടയുന്നതിനായി എല്ലാ ജില്ലാ പോലീസ് വിഭാഗങ്ങൾക്കും ബിഹാർ പോലീസിന്റെ മറ്റ് യൂണിറ്റുകൾക്കും സൂക്ഷ്മ നിരീക്ഷണം നടത്താനും അതീവ ജാഗ്രത പുലർത്താനും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.”
തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ട മെട്രോ സ്റ്റേഷനിലെ ഒന്നാം നമ്പർ ഗേറ്റിന് സമീപം 6.52-നായിരുന്നു സ്ഫോടനം നടന്നത്. ഒരു കാറിലാണ് സ്ഫോടനം ഉണ്ടായത്. എട്ട് പേർ മരിക്കുകയും ഇരുപത് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്ഫോടനത്തിൽ സമീപത്തുണ്ടായിരുന്ന കാറുകൾക്കും കേടുപാടുകൾ സംഭവിച്ചു. ഈ സംഭവത്തെ തുടർന്ന് മുംബൈ, കൊൽക്കത്ത, ജയ്പൂർ, ഹരിയാന, പഞ്ചാബ്, ഹൈദരാബാദ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ പ്രധാന നഗരങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ബിഹാറിൽ 122 മണ്ഡലങ്ങളിലാണ് ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 6-ന് നടന്ന ആദ്യഘട്ടത്തിൽ 64.7 ശതമാനം പോളിങ് രേഖപ്പെടുത്തി, ഇത് സംസ്ഥാനത്തിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണ്.

