തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ റെയിൽവേ പോർട്ടർ അറസ്റ്റിൽ. കൊച്ചുവേളി(തിരുവനന്തപുരം നോർത്ത്) റയിൽവെസ്റ്റേഷനിലാണ് സംഭവം. പ്രതിയായ അരുൺ എന്നയാളെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തെന്നും അധികൃതർ അറിയിച്ചു.
സംഭവം കഴിഞ്ഞ വ്യാഴാഴ്ചയാണ് നടന്നത്. ഷൂട്ടിംഗ് സംബന്ധമായ യാത്രയ്ക്കായി സ്റ്റേഷനിലെത്തിയ നടിയെ സഹായിക്കാമെന്ന് പറഞ്ഞ് പ്രതി സമീപിച്ചു. റെയിൽവേ ലൈൻ മുറിച്ച് കടക്കേണ്ടതില്ലെന്നും, നില്ക്കുന്ന ട്രെയിനിന്റെ എ.സി കോച്ചിലൂടെ അപ്പുറത്ത് എത്തിക്കാമെന്നുമായിരുന്നു അരുണിന്റെ വാക്കുകൾ. ട്രെയിനിൽ കയറി നടി അപ്പുറത്തേക്ക് പോകാൻ ശ്രമിക്കുമ്പോഴാണ് പ്രതി അവളുടെ ദേഹത്ത് അസഭ്യമായി സ്പർശിച്ചത്.
നടി ഉടൻ തന്നെ എതിർപ്പ് പ്രകടിപ്പിച്ചു. തുടർന്ന് റെയിൽവേ അധികാരികൾക്ക് പരാതി നൽകിയെങ്കിലും പ്രതിയെ ന്യായീകരിച്ച് സംസാരിച്ചതായി നടി ആരോപിച്ചു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രാഥമിക അന്വേഷണത്തിന് ശേഷം പ്രതിയായ അരുണിനെ സസ്‌പെൻഡ് ചെയ്തതായി റെയിൽവേ അധികൃതർ സ്ഥിരീകരിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.

