ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ധ്വജാരോഹണം നിർവഹിച്ചു. രാമക്ഷേത്രത്തിന്റെ നിർമാണം പൂർത്തീകരിച്ചതിന്റെ പ്രതീകമായാണ് ക്ഷേത്ര ഗോപുരത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കാവി പതാക ഉയർത്തിയത്. ഇന്നു രാവിലെ 11.58 ന് ശേഷമായിരുന്നു ധ്വജാരോഹണ ചടങ്ങ്.
പത്തടി ഉയരവും 20 അടി നീളവുമുള്ള കാവി പതാകയാണ് മോദി ക്ഷേത്രത്തിന് മുകളിൽ ഉയർത്തിയത്. പ്രധാന ക്ഷേത്രത്തിൽ പ്രാർഥന നടത്തി, ആരതി ഉഴിഞ്ഞ ശേഷമാണ് മോദി പതാക ഉയർത്തിയത്.
191 അടി ഉയരത്തിലുള്ള ഗോപുരത്തിലാണ് പ്രധാനമന്ത്രി പതാക ഉയർത്തിയത്. ത്രികോണാകൃതിയിലുള്ള പതാകയിൽ നടുക്ക് സൂര്യ അടയാളവും അതിനുള്ളിൽ ഓം ചിഹ്നവും ആലേഖനം ചെയ്തിട്ടുണ്ട്. ആത്മാഭിമാനം, ഐക്യം, സാംസ്കാരിക തുടർച്ച എന്നിവയെ പ്രതിനിധീകരിക്കുന്നതാണ് പതാക. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ചടങ്ങിൽ പങ്കെടുത്തു.
പ്രധാന ക്ഷേത്ര ഗോപുരത്തിന് മുകളിൽ 30 അടി ഉയരത്തിൽ പതാക പാറിപ്പറക്കും. നിറം കാവി. പതാകയിൽ ഓം, സൂര്യൻ, മന്ദാരവും പാരിജാതവും ചേർത്തുണ്ടാക്കിയ കോവിദാര അഥവാ കാഞ്ചനാര മരത്തിന്റെ ചിഹ്നം എന്നിവ ആലേഖനം ചെയ്തിട്ടുണ്ട്. സൂര്യൻ ശ്രീരാമന്റെ സൂര്യവംശത്തെ പ്രതിനിധീകരിക്കുന്നു, ഓം എന്നത് ശാശ്വതമായ ആത്മീയ ശബ്ദമാണ്.

