സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപം വാഗ്‌ദാനം ചെയ്ത് 300ലധികം പേരിൽ നിന്ന് തട്ടിയത് 150 കോടി രൂപ; തട്ടിപ്പിനായി സ്വീകരിച്ചത് ‘മണി ഹീസ്റ്റ്’ കഥാപാത്രങ്ങളുടെ പേരുകൾ; മൂന്നംഗ സംഘം പിടിയിൽ

0

ന്യൂഡൽഹി: സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപം വാഗ്‌ദാനം ചെയ്ത് നൂറുകോടിയിലധികം രൂപയുടെ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. നെറ്റ്ഫ്ലിക്സ് ത്രില്ലർ സീരീസായ ‘മണി ഹീസ്റ്റ്’ മോഡൽ തട്ടിപ്പ് നടത്തിയ സംഘത്തെയാണ് പോലീസ് പിടികൂടിയത്. 300ലധികം പേരെ കബളിപ്പിച്ച പ്രതികൾ 150 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് നടത്തിയെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. സംഭവത്തിൽ അർപ്പിത്, പ്രഭാത്, അബ്ബാസ് എന്നിവരെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.

തട്ടിപ്പ് നടത്താനായി പ്രതികൾ ‘മണി ഹീസ്റ്റ്’ കഥാപാത്രങ്ങളുടെ പേരുകളാണ് ഉപയോഗിച്ചിരുന്നത്. നിയമ ബിരുദധാരിയായ അർപ്പിത് സംഘത്തലവനായ ‘പ്രൊഫസർ’ എന്ന പേരിലാണ് അറിയപ്പെട്ടത്. കമ്പ്യൂട്ടർ സയൻസ് ബിരുദാനന്തര ബിരുദധാരിയായ പ്രഭാത് വാജ്‌പേയി ‘അമാൻഡ’ എന്ന പേരിലും, അബ്ബാസ് ‘ഫ്രെഡ്ഡി’ എന്ന പേരിലുമാണ് തട്ടിപ്പ് നടത്തിയത്.

സമൂഹമാധ്യമങ്ങളിൽ രഹസ്യ ഗ്രൂപ്പുകൾ ഉണ്ടാക്കി ഉയർന്ന വരുമാനം വാഗ്‌ദാനം ചെയ്തായിരുന്നു പ്രതികൾ ആളുകളെ തട്ടിപ്പിലേക്ക് ആകർഷിച്ചിരുന്നത്. ആദ്യഘട്ടത്തിൽ ലാഭവിഹിതം ചെറിയ തുക നിക്ഷേപകർക്ക് നൽകി ഇവർ അൽവരുടെ വിശ്വാസം നേടിയെടുക്കും. ഈ സമയം നിക്ഷേപകർ കൂടുതൽ തുക നിക്ഷേപിക്കാൻ തുടങ്ങും. ഈ സമയം സംഘം അവരുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യും. പണം പിൻവലിക്കാൻ ശ്രമിക്കുന്നവരെ ഭീഷണിപ്പെടുത്തി കൂടുതൽ തുക നിക്ഷേപിക്കാൻ നിർബന്ധിക്കുന്നതായിരുന്നു പ്രതികളുടെ രീതി.

പ്രതിപ്പട്ടികയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല അറസ്റ്റിലായ സംഘത്തിന് ചൈനീസ് പൗരന്മാരുമായി ബന്ധമുണ്ടെന്നും സമാനമായ രീതിയിൽ 23 കോടി രൂപ കൂടി തട്ടിയെടുത്തതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. നോയിഡ, സിലിഗുരി എന്നിവിടങ്ങളിൽ പോലീസ് നടത്തിയ റെയ്ഡുകളിൽ മൊബൈൽ ഫോണുകളും ബാങ്ക് രേഖകളും അടക്കം നിരവധി തെളിവുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായി ഊർജിതമായ അന്വേഷണം തുടരുന്നുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here