പിടിച്ചെടുത്തത് എംഡിഎംഎ, ഹാഷിഷ് ഓയിൽ, ഹൈഡ്രോ കഞ്ചാവ് തുടങ്ങി 15 കിലോ ലഹരിവസ്തുക്കൾ; ഇറക്കുമതി ചെയ്തിരുന്നത് വിദേശ പോസ്റ്റ് ഓഫിസുകൾ വഴി, സുഡാൻ സ്വദേശിനി ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

0

ബെംഗളൂരു: 23 കോടി രൂപയുടെ ലഹരിമരുന്നുമായി അഞ്ച് അംഗ സംഘം ബെംഗളൂരു പോലീസിന്റെ പിടിയിൽ. മൂന്ന് കേസുകളിലായാണ് സുഡാൻ സ്വദേശിനി ഉൾപ്പെടെ 5 പേരെ പോലീസ് പിടികൂടിയത്. രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരങ്ങൾ അനുസരിച്ച് ബെംഗളൂരു പോലീസ് നഗരത്തിൽ നടത്തിയ റെയ്ഡിലാണ് രാസലഹരി ഗുളികകൾ (എംഡിഎംഎ), ഹാഷിഷ് ഓയിൽ, ഹൈഡ്രോ കഞ്ചാവ് തുടങ്ങി 15 കിലോ ലഹരിവസ്തുക്കൾ കണ്ടെടുത്തതും പിടികൂടിയതും. ബെംഗളൂരു പോലീസിന് കീഴിലെ സെൻട്രൽ ക്രൈം ബ്രാഞ്ചാണ് (സിസിബി) റെയ്ഡുകൾ ഏകോപിപ്പിച്ചത്. വിദേശരാജ്യങ്ങളിൽ നിന്നും ഇവിടേക്ക് ഇറക്കുമതി ചെയ്തവയാണ് പിടികൂടിയ ലഹരി വസ്തുക്കൾ അധികവുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യാന്തര ലഹരി ഇടപാട് സംഘങ്ങളുടെ താവളമായി ബെംഗളൂരു നഗരം മാറിയെന്ന് തെളിയിക്കും വിധമാണ്  ഇത്രയും വലിയ ലഹരിവേട്ട നടന്നത്.

അറസ്റ്റിലായ അഞ്ച് പേരും രാജ്യാന്തര ലഹരികടത്തുകാർക്കും നഗരത്തിലെ ഇടപാടുകാർക്കും ഇടയിൽ പ്രവർത്തിക്കുന്ന ഇടനിലക്കാരാണ് എന്നാണ് പുറത്തുവരുന്ന വിവരം. വിദേശ പോസ്റ്റ് ഓഫിസുകൾ വഴിയാണ് ഇവരുടെ ലഹരി ഇടപാടുകൾ നടക്കുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ മുഖേനയാണ് ഇവർ വിദേശ പോസ്റ്റ് ഓഫിസുകൾ വഴി ലഹരി ഇറക്കുമതി ചെയ്യുന്നത്. സംഭവത്തെത്തുടർന്ന് ഫോറിൻ പോസ്റ്റ് ഓഫിസുകളിലെത്തുന്ന പാഴ്സലുകളെ കേന്ദ്രീകരിച്ചുള്ള നിരീക്ഷണം കർശനമാക്കി. കെജിനഗർ ഫോറിൻ പോസ്റ്റ് ഓഫിസിൽ ലഭിച്ച പാഴ്സലിനെ പിന്തുടർന്നുള്ള പരിശോധനയുമായി ബന്ധപ്പെട്ടതാണ് ഇതിൽ ഒരു കേസ്. ഇതിലുൾപ്പെട്ട ഹൈഡ്രോ കഞ്ചാവ് തായ്‌ലൻഡിൽ നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here