ബെംഗളൂരു: കർണാടകയിലെ മടിക്കേരിക്കടുത്തുള്ള കടഗേരി ഗ്രാമത്തിലെ സ്വകാര്യ റെസിഡൻഷ്യൽ സ്കൂളിൽ ഉണ്ടായ തീപിടിത്തത്തിൽ എട്ട് വയസ്സുള്ള ആൺകുട്ടി മരിച്ചു. ചെട്ടിമാണി ഗ്രാമവാസിയും സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമായ പുഷ്പക് (8) ആണ് മരിച്ചത്. വിദ്യാർത്ഥികൾ മുറിക്കുള്ളിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് തീപിടിത്തം ഉണ്ടായത്. സ്കൂൾ ജീവനക്കാരുടെ സഹായത്തോടെ നിരവധി കുട്ടികൾ ഓടി രക്ഷപ്പെട്ടെങ്കിലും പുഷ്പകിന് കൃത്യസമയത്ത് രക്ഷപ്പെടാൻ കഴിയാതെ പൊള്ളലേൽക്കുകയായിരുന്നു.
അപകടത്തില്‍പ്പെട്ട 29 വിദ്യാർത്ഥികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അപകടകാരണം ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം. മരിച്ച വിദ്യാര്‍ത്ഥിയുടെ പോസ്റ്റ് മോര്‍ട്ടം നടപടികൾ പൂര്‍ത്തിയായിട്ടുണ്ട്. പൊലീസ് പറയുന്നതനുസരിച്ച്, മടിക്കേരിയിലെ ഒരു കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പ്ലേസ്കൂളിലാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ ഒരു റിയൽ എസ്റ്റേറ്റ് ഓഫീസാണ് സ്ഥിതി ചെയ്യുന്നത്.
ഇന്നലെ ഏകദേശം 11 മണിയോടെ, റിയൽ എസ്റ്റേറ്റ് ഓഫീസിലെ ജീവനക്കാർ എയർ കണ്ടീഷണർ യൂണിറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധിയില്‍പ്പെടുകയും ഉടൻ തന്നെ പൊലീസിനെയും അഗ്നിശമന സേനയെയും വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് സ്കൂൾ അധികൃതർക്കൊപ്പം, പ്ലേസ്കൂളിലെ കുട്ടികളെ സമീപത്തെ ഒരു താമസസ്ഥലത്തേക്ക് സുരക്ഷിതമായി ഒഴിപ്പിച്ചു.
എയർ കണ്ടീഷണർ യൂണിറ്റിലെ വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആകാം അപകടത്തിന്റെ കാരണമെന്ന് പൊലീസ് പറഞ്ഞു.
ഡെപ്യൂട്ടി കമ്മീഷണർ വെങ്കടരാജു, ഡിഡിപിഐ ബസവരാജ്, മടിക്കേരി പോലീസ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വാർത്ത കേട്ടയുടനെ മാതാപിതാക്കൾ സ്കൂളിലേക്ക് ഓടിയെത്തി. കൂടുതൽ വിവരങ്ങൾ പുലത്ത് വരാനുണ്ട്.

