അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങി, വീണ്ടും ലൈംഗികാതിക്രമം, ക്രിമിനൽ കേസുകളിലും പ്രതി; പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

0

ലഖ്നൗ: മീററ്റിൽ ബലാത്സംഗ കേസിലെ പ്രതിയെ പോലീസ് വെടിവെച്ചുകൊന്നു. ഉത്തർപ്രദേശ് പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് കൊടും കുറ്റവാളിയായ ഷഹസാദ് എന്നയാൾ കൊല്ലപ്പെട്ടത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നടന്ന ഏറ്റുമുട്ടലിലാണ് പ്രതി കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ന് രാവിലെ 5:30 നായിരുന്നു സംഭവം. വെടിയേറ്റ ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ഇയാളുടെ നെഞ്ചിലാണ് വെടിയേറ്റത്. ഏറെ നാളായി അന്വേഷിച്ചുകൊണ്ടിരുന്ന പ്രതിയാണ് കൊല്ലപ്പെട്ടത്. ഇയാളെ പിടികൂടുന്നവർക്ക് ഉത്തർപ്രദേശ് പോലീസ് 25,000 രൂപ പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസുകളിലെ പ്രതിയായ ഷഹ്സാദ് ഒരു “ഹാബിച്വൽ ഒഫെൻഡർ” ആണെന്ന് പോലീസ് വ്യക്തമാക്കുന്നു. അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഇയാൾ ഏകദേശം അഞ്ചു വർഷക്കാലം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. പിന്നീട് ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തത്. ഇയാളുടെ പേരിൽ നിലവിൽ രണ്ട് ബലാത്സംഗ കേസുകൾക്ക് പുറമെ, മോഷണം, ഭീഷണി, പണം തട്ടിയെടുക്കൽ തുടങ്ങിയ കേസുകളും മീററ്റ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രതി എവിടെയാണുള്ളത് എന്നത് സംബന്ധിച്ച വിവരം ലഭിച്ചതിനെ തുടർന്ന് രാവിലെയാണ് ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചത്. തുടർന്ന് ഇയാളെ തേടി എത്തിയ പോലീസുകാർക്ക് നേരെ ഷഹസാദ് വെടിയുതിർത്തു. ഇയാളുടെ പക്കലും തോക്കുണ്ടായിരുന്നു. പ്രതിയാണ് ആദ്യം പോലീസിന് നേരെ വെടിയുതിർത്തത്. തുടർന്ന് പോലീസ് തിരികെ വെടിയുതിർത്തു. ഏറ്റുമുട്ടലിനിടയിൽ പ്രതിയുടെ നെഞ്ചിലും വെടിയേൽക്കുകയായിരുന്നു.

ബലാത്സംഗക്കേസിൽ പ്രതിയായ ഇയാളുടെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മീററ്റിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ജയിൽ ശിക്ഷ അനുഭവിച്ച  പ്രതി ജയിൽ നിന്നും ഇറങ്ങി വീണ്ടും അതേ കുറ്റകൃത്യം തന്നെ അവർത്തിക്കുന്നതിനെതിരെയാണ് ജനരോക്ഷം അലയടിച്ചത്. പീഡനത്തിനിരയാക്കിയ പെൺകുട്ടിയെ വീട്ടിലെത്തിയ പ്രതി വീട്ടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു. പോലീസിനെ വിവരമറിയിച്ചാൽ കൊന്നുകളയുമെന്നും ഷഹ്സാദ് ഏഴ് വയസുകാരിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് പ്രതിയെ പോലീസ് കണ്ടെത്തിയതും ഏറ്റുമുട്ടലിനൊടുവിൽ ഇയാൾ കൊല്ലപ്പെടുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here