കാലിഫോർണിയ: ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ ഉപയോഗിച്ച സ്‌ത്രീ ക്യാൻസർ വന്ന് മരിച്ചുവെന്ന പരാതിയിൽ കമ്പനിയോട് 966 മില്യൺ ഡോളർ (85,76,67,93,000 രൂപ ) നഷ്‌ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. 15 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ ലോസ് ഏഞ്ചൽസ് സ്റ്റേറ്റ് കോടതിയുടെ വിധി വന്നിരിക്കുന്നത്. ജീവിതകാലം മുഴുവൻ ബേബി പൗഡർ ആണ് മേ മൂർ എന്ന സ്ത്രീ ഉപയോഗിച്ചിരുന്നത്. അതിനാലാണ് ക്യാൻസർ വന്നതെന്നാരോപിച്ചായിരുന്നു കുടുംബത്തിന്റെ പരാതി.
മെസോതെലിയോമ എന്ന ക്യാന്‍സറാണ് കാലിഫോര്‍ണിയ നിവാസിയായ മേ മൂറിനെ ബാധിച്ചത്. മെസോതെലിയോമ ഉണ്ടാകാനുള്ള പ്രധാന കാരണം ആസ്ബറ്റോസുമായുള്ള സമ്പര്‍ക്കമാണ്. ജോണ്‍സണ്‍സിന്റെ ബേബി പൗഡറില്‍ ആസ്ബറ്റോസ് നാരുകള്‍ അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച് മേ മുറിന്റെ കുടുംബം കേസ് നല്‍കുകയായിരുന്നു.
ഇതിന് മുമ്പും ജോൺസൺ ആൻഡ് ജോൺസൺ കമ്പനിക്ക് സമാനമായ കേസിൽ നഷ്‌ടപരിഹാരം നൽകാൻ വിധിച്ചിട്ടുണ്ട്. 2023ൽ ലോകമെമ്പാടുമുള്ള വിപണിയിൽ നിന്ന് ഈ പൗഡർ താൽക്കാലികമായി പിൻവലിച്ചിരുന്നു. എന്നാൽ, ഇപ്പോഴത്തെ വിധി ഭരണഘടനാ വിരുദ്ധമാണെന്നും ഇതിനെതിരെ അപ്പീൽ നൽകുമെന്നുമാണ് ജോൺസൺ ആൻഡ് ജോൺസൺ കമ്പനി വൈസ് പ്രസിഡന്റായ എറിക് ഹാസ് പ്രസ്‌താവനയിലൂടെ അറിയിച്ചത്. ഇപ്പോഴും പല കേസുകളും ജോൺസൺ ആൻഡ് ജോൺസൺ കമ്പനി നേരിടുന്നുണ്ട്.
2021ൽ 88-ാം വയസിലാണ് ഇവർ മരിച്ചത്. മേ മൂറിന്റെ കുടുംബത്തിനാണ് നഷ്‌ടപരിഹാരത്തുക ലഭിക്കുക. കോടതിയുടെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നാണ് മൂറിന്റെ അഭിഭാഷകയായ ജെസീക്ക ഡീൻ പറഞ്ഞത്.

