തിരുവനന്തപുരം: കേരളത്തിൽ മഴ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ള റെഡ് അലര്‍ട്ട് മുന്നറിയിപ്പാണ് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ആൻഡമാൻ കടലിനും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഈ ന്യൂനമർദ്ദവും തുടർന്നുള്ള 48 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. ഈ രണ്ട് തീവ്രന്യൂനമർദ്ദങ്ങളുടെയും ഫലമായി കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്.
നാളെ കാസര്‍കോട്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. അറബി കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി ഇരട്ട ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് വരും ദിവസങ്ങളിൽ സാധ്യതയുള്ളത്. ഇതിനാൽ തന്നെ സംസ്ഥാനത്തിന് അതീവ ജാഗ്രതാ നിര്‍ദേശമാണ് നൽകിയിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒക്ടോബര്‍ 25വരെയുള്ള മഴ മുന്നറിയിപ്പും പുറത്തിറക്കിയിട്ടുണ്ട്.
ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റു ഒന്‍പത് ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 23ന് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും വയനാട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലര്‍ട്ടും ഒക്ടോബര്‍ 24ന് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. 25ന് കാസര്‍കോട്, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ 24 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കർണാടക അതിനോട് ചേർന്ന കടൽ പ്രദേശങ്ങളിലും, ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
തിരുവനന്തപുരത്ത് മലയോര മേഖലയിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരം-തെങ്കാശി റോഡിൽ വെള്ളം കയറി. പാലോട് ഇളവട്ടത്ത് കനത്ത മഴയെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഒരു മണിക്കൂറിലേറെയായി ജില്ലയിലെ മലയോരമേഖലയിൽ മഴ ശക്തമാണ്.

